ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം; പുളിക്കീഴ്, കൊമ്പങ്കേരി ഡിവിഷനുകൾ നിലനിർത്തി
text_fieldsതിരുവല്ല : ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും ബ്ലോക്ക് പഞ്ചായത്ത് കൊമ്പേങ്കരി ഡിവിഷനിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി.
പുളിക്കീഴ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ മായാ അനിൽകുമാർ വിജയിച്ചു. കാവുംഭാഗം ദേവസ്വം ബോർഡ് സ്കൂളിൽ വ്യാഴാഴ്ച നടന്ന വോട്ടെണ്ണലിൽ 1785 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മായ അനിൽകുമാർ വിജയിച്ചത്.
കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. ആകെ പോൾ ചെയ്ത 31,811 വോട്ടുകളിൽ മായാ അനിൽകുമാർ 14,772 വോട്ടുകൾ നേടി.
യു.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ആനി തോമസ് 12,987 വോട്ടും, എൻ.ഡി.എ. സ്ഥാനാർഥി സന്ധ്യാ മോൾ 5138 വോട്ടും നേടി. കഴിഞ്ഞ തവണ 4470 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കേരള കോൺഗ്രസ് എം. ജോസ് വിഭാഗത്തിലെ ഡാലിയ സുരേഷ് ആരോഗ്യ കാരണങ്ങളാൽ രാജി വെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്ക് നടന്ന വോട്ടെണ്ണലിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ അനീഷ് കുമാർ വിജയിച്ചു. അനീഷ് കുമാർ 1712 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ വി. കെ. മധു 1178 വോട്ടും, എൻ.ഡി.എ. സ്ഥാനാർഥി വി.ടി. പ്രസാദ് 245 വോട്ടും നേടി. 534 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനീഷ് കുമാർ വിജയിച്ചത്.
ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന് വരണാധികാരിയും ജില്ല കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരും, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷന് വരണാധികാരിയും ജില്ല രജിസ്ട്രാറുമായ എം. ഹക്കീമുമാണ് ഫലപ്രഖ്യാപനം നടത്തിയത്. ഉപവരണാധികാരി എ.ഡി.എം ബി. രാധാകൃഷ്ണന്, ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്) ആര്. രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പുളിക്കീഴ് ബ്ലോക്കിലെ കൊമ്പങ്കേരിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 119 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി എം.ജെ. അച്ചൻകുഞ്ഞിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഡി.സി.സി പ്രസിഡന്റിന്റെ തട്ടകത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ആഞ്ഞു പിടിച്ചും നേട്ടമുണ്ടാക്കാൻ യു.ഡി.എഫിന് കഴിയാതെ പോയത് തിരിച്ചടിയായി.
പുളിക്കീഴ് ജില്ല പഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞത് മാത്രമാണ് ആശ്വാസം. കൊമ്പങ്കേരി ബ്ലോക്ക്ഡിവിഷനിൽ ഒരു ബൂത്തിൽ പോലും യു.ഡി.എഫിന് മുന്നിലെത്താൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.