പുറമറ്റം പഞ്ചായത്തിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം
text_fieldsമല്ലപ്പള്ളി: കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന പുറമറ്റം പഞ്ചായത്തിൽ നാല് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന് അട്ടിമറി വിജയം.ബുധനാഴ്ച 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഏലിയാമ്മ വർഗീസ് നാലിനെതിരെ എട്ട് വോട്ടിന് വിജയിച്ചു.
ഉച്ചക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ഈപ്പൻ പോളും വിജയിച്ചു. പ്രസിഡൻറായിരുന്ന കോൺഗ്രസിലെ റേച്ചൽ ബോബൻ ജൂൺ 23ന് രാജിവെച്ചതിനെ തുടർന്നും വൈസ് പ്രസിഡൻറായിരുന്ന കോൺഗ്രസിലെ തന്നെ വിനീത് കുമാറിനെ കഴിഞ്ഞ 15ന് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നുമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. പുല്ലാട് കൃഷി വകുപ്പ് അസി.ഡയറക്ടർ സി. അമ്പിളി വരണാധികാരിയായിരുന്നു.
13 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് ഒമ്പത് അംഗങ്ങളും എൽ.ഡി.എഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളിയും മുതിർന്ന നേതാക്കളുടെ ഇടപെടലുമാണ് ഭരണം നഷ്ടമായതിനു കാരണം. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യെൻറ പഞ്ചായത്തുകൂടിയാണ് പുറമറ്റം. നേതാക്കളുടെ ഗ്രൂപ്പുകളിയുടെ ഭാഗമായി നേരേത്ത നാല് അംഗങ്ങൾ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു.
ബുധനാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രാജിവെച്ച അംഗങ്ങൾ എൽ.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോളി ഈപ്പനും വിനീത് കുമാറിനും നാല് വോട്ട് വീതമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചതിനെ തുടർന്ന് കോൺഗ്രസിലെ ഇ.ടി. രവി വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.