കലക്ടറേറ്റിലെ നിയമനരേഖ ചോര്‍ച്ച; അന്വേഷണം അട്ടിമറിക്കുന്നെന്ന് സംഘടനകൾ
text_fieldsപത്തനംതിട്ട: കലക്ടറുടെ രഹസ്യവിഭാഗത്തില്‍നിന്ന് രഹസ്യ നിയമനരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപണം. ഈ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. എല്‍.ഡി.സി നിയമനത്തിനുള്ള കലക്ടറുടെ ഉത്തരവ് രണ്ടുപേര്‍ക്ക് മാത്രമായി ചോര്ത്തിനല്കുകയും അവര്‍ മാത്രം ജോലിയില്‍ ആദ്യം പ്രവേശിക്കുകയും ചെയ്തതാണ് വിവാദമായത്. നിയമനത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിച്ച് ദുരൂഹത നീക്കണമെന്നും ആവശ്യം ഉയർന്നു. ജോയന്റ് കൗണ്‍സിലിന്റെ രണ്ടു ജില്ല നേതാക്കള്‍ ചേര്‍ന്നാണ് രേഖ ചോര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്ക് വീട്ടിലെത്തിച്ച് നല്‍കിയതെന്നാണ് ആരോപണം.
കലക്ടറുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ രേഖ ആയതിനാല്‍ പ്രിന്റൗട്ട് എടുത്താല്‍ ഇത് ഉപയോഗിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് രേഖ വാട്സ്ആപ്പില്‍ അയച്ചുകൊടുത്തുവെന്നാണ് പറയപ്പെടുന്നത്. ഒരു ഉദ്യോഗാര്‍ഥി അപേക്ഷ നല്കി വാങ്ങിയ രേഖ ഉപയോഗിച്ച് മറ്റൊരാള്‍ കൂടി ജോലിക്കുകയറി എന്നാണ് ജോയന്റ് കൗണ്‍സിലിന്റെ നേതാക്കള്‍ പറയുന്നത്. സെക്ഷന്‍ സൂപ്രണ്ടും ക്ലര്‍ക്കും അവധിയായിരുന്ന ദിവസം എങ്ങനെ അതീവ പ്രധാന്യമുള്ള കമ്പ്യൂട്ടറില്‍നിന്ന് രേഖകള്‍ വെളിയില്‍പോയി എന്നതാണ് സുപ്രധാന ചോദ്യം.
സംഭവം വിവാദമായതോടെ തിരക്കിട്ട് രേഖകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ജോയന്റ് കൗണ്‍സില്‍ നേതൃത്വമെന്ന് പറയുന്നു. മന്ത്രിതല ഇടപെടല്‍ അന്വേഷണം അട്ടിമറിക്കാന്‍വേണ്ടി ഉണ്ടാകുന്നുവെന്നും ആരോപണമുണ്ട്. നിയമനരേഖ കൈമാറ്റം വിവാദമായതോടെ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ, തിരുവല്ല സബ്കലക്ടര്‍ ശ്വേത നാഗര്‍കോട്ടിയെ അന്വേഷണച്ചുമതല ഏൽപിച്ചിരുന്നു. കലക്ടറുടെമേൽ വൻ സമ്മർദം ചെലുത്തുന്നതായും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എന്‍.ജി.ഒ സംഘ് ജില്ല കമ്മിറ്റി വിജിലന്‍സിന് പരാതി നല്കി.
കുറ്റാരോപിതരെ മാറ്റിനിർത്തണം -യുവമോർച്ച
കലക്ടറേറ്റിൽനിന്ന് നിയമന ഉത്തരവ് ചോർത്തിനൽകി ചട്ടംലംഘിച്ച് എൽ.ഡി ക്ലർക്ക് ഉദ്യോഗാർഥികൾക്ക് നിയമനം നടത്തിയ രഹസ്യവിഭാഗത്തിലെ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ കുറ്റാരോപിതരെയും മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് യുവമോർച്ച ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.കലക്ടറേറ്റിൽ നടത്തിയ പ്രതിഷേധ ധർണയിൽ യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ എസ്.ശിവ, ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, ട്രഷറർ ജിഷ്ണു കാരംവേലി, മണ്ഡലം കമ്മിറ്റി നേതാക്കളായ രജിത് എസ്.ഓമല്ലൂർ, അരുൺ ശശി, അഖിൽ തള്ളിയൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.