എലിപ്പനി രോഗബാധിതർ കൂടുന്നു; ജാഗ്രത വേണം
text_fieldsപത്തനംതിട്ട: ജില്ലയിൽ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ്. മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാൻ സാധ്യതയുണ്ട്. എലി, പൂച്ച, നായ്, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിർമാണത്തൊഴിലാളികള്‍, റോഡ്പണി ചെയ്യുന്നവര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഉയര്‍ന്ന രോഗ സാധ്യത ഉള്ളവരാണ്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണ്.
ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന്‍ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനജല സമ്പര്‍ക്കമുണ്ടാകാതെ നോക്കണം. പനി, തലവേദന, പേശിവേദന, കഠിനമായ ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം.
രോഗലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയം ചികിത്സക്ക് മുതിരുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് എലിപ്പനി രോഗബാധ ഗുരുതരമാവുകയും വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണകാരണമാവുകയും ചെയ്യും. രോഗ സാധ്യതകൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പനി വന്നാല്‍ ഉടന്‍ ചികിത്സ തേടുകയും ജോലി ചെയ്ത ഇടത്തെക്കുറിച്ച് ഡോക്ടറോട് പറയുകയും വേണം. എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.