ജീവിതം ഇരുൾമൂടി; കുടുംബം കാരുണ്യം തേടുന്നു
text_fieldsഇലന്തൂർ: മകൾക്ക് വൃക്കരോഗം വന്നതോടെ ജീവിതം ഇരുൾമൂടിയ കുടുംബം സമൂഹത്തിെൻറ കാരുണ്യം തേടുന്നു. ഇലവുംതിട്ട നെടിയകാല മുല്ലയ്ക്കല് വീട്ടില്‍ സോമന്, ഭാര്യ അനിത, അഞ്ജലി (21), അഞ്ജന (19) എന്നിവരാണ് സമൂഹത്തിെൻറ കരുതലിനായി കാത്തിരിക്കുന്നത്. കോന്നി അട്ടച്ചാക്കല്‍ സെൻറ് തോമസ് കോളജില്‍ അവസാന വര്‍ഷ ബി.ബി.എ വിദ്യാർഥിനിയായ അഞ്ജലിയെ പിടികൂടിയ വൃക്കരോഗമാണ് ഈ കുടുംബത്തിെൻറ സന്തോഷം കവര്‍ന്നത്.
2012ല്‍ അഞ്ജലിയ്ക്ക് 11 വയസ്സുള്ളപ്പോഴാണ് ഇരു വൃക്കകളും തകരാറിലായത്. ഇതോടെ ഡല്‍ഹിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ സോമന് ജോലി രാജിവച്ച് നാട്ടിലെത്തി. ഇലന്തൂരില്‍ വാടക വീടെടുത്തു താമസമാരംഭിച്ചു. 2014 ഏപ്രിലില്‍ വൃക്ക മാറ്റിെവച്ചു.
അഞ്ജലിക്ക് പുതുജീവന്‍ കിട്ടിയ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തില്‍ 2019 ഏപ്രിലില്‍ വീണ്ടും വിധിയുടെ ക്രൂരവിനോദമെത്തി. മാറ്റി വച്ച വൃക്ക തകരാറിലായി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്.
ഡയാലിസിസിനും മരുന്നിനുമായി പ്രതിമാസം 30,000നും 35,000നുമിടക്കാണ് െചലവാകുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സ്വദേശി വൃക്ക വാഗ്ദാനം ചെയ്തു. സോമെൻറ പരിചയക്കാരന് എട്ടു ലക്ഷം രൂപ നൽകി സഹായിച്ചു. അമൃത ആശുപത്രിയിൽ വൃക്ക മാറ്റിവക്കാൻ നടപടി നടക്കവേ യുവാവ് വാക്കുമാറി.
ഇയാള്‍ക്കു മുന്‍കൂറായി നൽകിയ ഒരു ലക്ഷം രൂപയും ആശുപത്രി െചലവുകളുമുള്പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപ പാഴായി. പിന്നീട് മറ്റൊരു ദാതാവിനെ കണ്ടെത്തി. ചികിത്സാ ചിലവുള്‍പ്പെടെ 30 ലക്ഷത്തോളം രൂപയാണ് കണ്ടെത്തേണ്ടത്.സോമന് ഇപ്പോൾ ഇലന്തൂരില്‍ സ്റ്റേഷനറി കട നടത്തുകയാണ്. ഇതിനിടെ ആകെയുണ്ടായിരുന്ന 10 സെൻറ് സ്ഥലം പണയം െവച്ച് 10 ലക്ഷം രൂപ ലോണെടുത്തു. ബാങ്കിലെ തിരിച്ചടവു മുടങ്ങിയതോടെ ജപ്തിയുടെ നിഴലിലുമായി. അഞ്ജലിയ്ക്ക് കോവിഡ് പകര്ച്ചയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി കച്ചവടം നിര്‍ത്തേണ്ടി വന്നു. ജീവിതത്തിത്തിലെ ഈ തീരാദുഃഖത്തിനും തോരാത്ത കണ്ണീരിനും അഞ്ജലിയെ തോൽപിക്കാനായിട്ടില്ല. എം.ബി.എ നേടണമെന്ന അടങ്ങാത്ത ആഗ്രഹത്തിലാണ്. ബി.ബി.എ അവസാന വര്‍ഷം പഠിക്കുമ്പോള്‍ത്തന്നെ എം.ബി.എ പ്രവേശന പരീക്ഷയെഴുതി വിജയിച്ചു. ഇളയ സഹോദരി അഞ്ജന ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാർഥിനിയാണ്.
ഇതുവരെ മകളുടെ ചികിത്സയ്ക്കായി 35 ലക്ഷത്തിലേറെ രൂപയാണ് സോമനു ചെലവായത്. ഇനിയും 30 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ജീവിതം വഴിമുട്ടിയ ഈ കുടുംബത്തിനു മുന്നോട്ടുപോകാൻ സമൂഹത്തിെൻറ സഹായം ഉണ്ടെങ്കിലേ കഴിയൂ. സോമന് ഇലവുംതിട്ട എസ്.ബി.ഐ ബാങ്കിൽ അക്കൗണ്ട് ഉണ്ട്.
സോമന് ആര്., അക്കൗണ്ട് നമ്പര്‍-57010504312, ഐ.എഫ്.എസ്.സി-എസ്.ബി.ഐ.എന്‍0070243 (IFSC-SBIN0070243), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇലവുംതിട്ട ശാഖ. സോമെൻറ ഫോണ്‍ നമ്പര്‍ - 9400200401
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.