ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന
text_fieldsപത്തനംതിട്ട: ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത വിൽപന തടയുന്നതിന് പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗ്യക്കുറി വിപണന കേന്ദ്രങ്ങളില്‍ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേപോലെ വരുന്ന പന്ത്രണ്ടിലധികം ടിക്കറ്റുകള്‍ ഒരുമിച്ച് വിൽപന നടത്തുന്നുണ്ടോയെന്നും ടിക്കറ്റുകളില്‍ ഏജന്‍സി സീല്‍ പതിക്കാതെ നവമാധ്യമങ്ങളിലൂടെ ഭാഗ്യക്കുറികള്‍ വിൽപന നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു.
ജില്ല ഭാഗ്യക്കുറി ഓഫിസര്‍ എന്‍.ആര് . ജിജി, ജൂനിയര്‍ സൂപ്രണ്ടുമാരായ പി.ബി. മധു, ജോസഫ് സൈമണ്‍, ജീവനക്കാരന് ബിനീഷ് ആര്.നായര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
അനധികൃത വിപണന രീതികള്‍ അവലംബിക്കുന്നവരുടെ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കുകൂടി പരിശോധന വ്യാപിപ്പിക്കുമെന്നും ജില്ല ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. അനധികൃത ലോട്ടറി വിൽപന സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 18004258474 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയോ www.statelottery.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.