ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന് വലഞ്ഞ് പൊതുജനം
text_fieldsപത്തനംതിട്ട: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് പൊതുജനങ്ങളെ വലയ്ക്കുന്നു. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അറിയിപ്പ് കണ്ട് ജനങ്ങൾ ഗ്യാസ് ഏജൻസികളിലെത്തിയതോടെ എവിടെയും വലിയ തിക്കും തിരക്കുമാണ്.
ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡുമായി എത്തി കൈവിരൽ പതിപ്പിക്കണമെന്നാണ് നിർദ്ദേശം. ഗ്യാസ് ആരുടെ പേരിലാണോ അയാൾ എത്തണം. എന്നാൽ ഏജൻസികൾക്ക് ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും പറയുന്നു. എന്നാൽ വടശ്ശേരിക്കരയിൽ സ്ഥിതിചെയ്യുന്ന ഭാരത് ഗ്യാസ് (ശബരി ഗ്യാസ്) കണക്ഷൻ ഉള്ള ആളുകൾ ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാണിച്ച് അറിയിപ്പ് നൽകിയതായി പറയുന്നു.
മാർച്ച് 31 ന് മുമ്പായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അറിയിപ്പ്. അടുത്ത ദിവസങ്ങളിൽ അവധി ആയതിനാൽ വലിയ തിരക്കാണ്. വടശ്ശേരിക്കരയിലെ ഏജൻസി നൽകിയ അറിയിപ്പ് ജില്ലയിലെ മറ്റ് പല സ്ഥലത്തെയും വാട്സ് ആപ്പ് ഗ്രുപ്പുകളിൽ എത്തുകയും അവിടങ്ങളിലെ ഗ്യാസ് ഏജൻസികളിൽ ആളുകൾ അന്വേഷിച്ച് എത്തുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നതെന്നാണ് ഗ്യാസ്ഏജൻസി പറയുന്നത്. ഇൻഡൈൻ ഗ്യാസ് ഏജൻസികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും പറയുന്നു. കണക്ഷൻ വിദേശത്തുള്ള ആളിന്റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം.
ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവയുമായാണ് എത്തേണ്ടത്. അതികഠിനമായ ചൂടിലും രാവിലെ ഏഴ മുതൽ ഗ്യാസ് ഏജൻസിയുടെ മുന്നിൽതിരക്കാണ്. പ്രായം ചെന്നവർക്കും കുട്ടികളുമായി എത്തുന്ന അമ്മമാർക്കും ചൂട് ഏൽക്കാതെ നിൽക്കാൻപോലും സൗകര്യം ഇല്ല.
കടുത്ത ചൂടിൽ എട്ടും ഒൻപതും മണിക്കൂർ തുടർച്ചയായി വെയിലും ചൂടും ഏറ്റ് റോഡിൽ നിൽക്കുന്നവർ തളർന്ന് വീഴുന്നു. കൈവിരൽ പതിപ്പിക്കുന്നത് ശരിയാകാത്തതിനാൽ പോയി പിന്നീട് വരാൻ പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.