ലോക്ഡൗൺ ഇളവ്: നഗരങ്ങളിൽ വൻ തിരക്ക്, നിയന്ത്രിക്കാന്‍ പണിപ്പെട്ട് പൊലീസ്
text_fieldsപത്തനംതിട്ട: ലോക്ഡൗൺ ഇളവുകൾ വന്നതോടെ ജില്ലയിലെ നഗരങ്ങളിൽ വൻ തിരക്ക്. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളുടെ ഒഴുക്കായിരുന്നു. ദിവസങ്ങളായി പുറത്തിറങ്ങാതിരുന്ന പലരും സ്വന്തം വാഹനങ്ങളുമായി ഇറങ്ങി. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
പത്തനംതിട്ട സെൻട്രൽ ജങ്ഷൻ ഭാഗത്ത് ടി.കെ റോഡിെൻറ ഇരുവശവും സ്വകാര്യവാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ബുക്ക്സ്റ്റാളുകൾ, വസ്ത്രശാലകൾ, ജ്വല്ലറികൾ, ചെരിപ്പുകടകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന മറ്റ് കടകൾ എന്നിവ തുറന്നിരുന്നു. ഹോട്ടലുകളിൽ പാർസൽ സർവിസ് മാത്രമാണുള്ളത്.
പൊലീസ് കർശന പരിശോധനയുമായി പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു. പത്തനംതിട്ട സെൻട്രൽ ജങ്ഷനിലും പൊലീസിെൻറ കർശന പരിശോധനയുണ്ടായിരുന്നു. അടൂർ, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി ടൗണുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
തിരുവല്ലയിൽ സാധാരണ ദിവസങ്ങളിലേതുപോലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്ക് ശേഷം തിരക്ക് കുറവായിരുന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലും നേരിയ കുറവായിട്ടുണ്ട്. തുടർ ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
എന്നാൽ, ആൾക്കൂട്ടം ഒഴിവാക്കിയുള്ള കർശന നിയന്ത്രണം തുടരും. ലോക്ഡൗണിനെ തുടർന്ന് ജില്ലയിലെ സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. തൊഴിൽമേഖലകളിലും പ്രതിസന്ധിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ ലഭിക്കുന്നതോടെ വ്യാപാര മേഖല സജീവമാകുമെന്ന പ്രതീക്ഷയാണ്.
നിയന്ത്രിക്കാന്‍ പണിപ്പെട്ട് പൊലീസ്
അടൂര്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അടൂരില്‍ അനിയന്ത്രിത ആള്‍ക്കൂട്ടവും വാഹനനിരയുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനായത്. വീട്ടുമുറ്റങ്ങളില്‍ കിടന്ന സകല വാഹനങ്ങളുമായി ആളുകള്‍ നിരത്തിലിറങ്ങുകയായിരുന്നു. സത്യവാങ്മൂലം കൈവശം വെച്ചവര്‍ ചുരുക്കമായിരുന്നു.
ബാരിക്കേഡുകള്‍വെച്ച് പൊലീസ് വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തിയത് സംസ്ഥാന പാതകളില്‍ ദീര്‍ഘനേരം ഗതാഗതസ്തംഭനത്തിനുവരെ കാരണമായി. പൊലീസ് ചോദിച്ചപ്പോള്‍ ഏവര്‍ക്കും പറയാനുള്ളത് തിങ്കളാഴ്ച സര്‍ക്കാര്‍ നിർദേശപ്രകാരം തുറന്ന കടകളില്‍ സാധനസാമഗ്രികള്‍ വാങ്ങാനെന്നതായിരുന്നു. ബാങ്കുകളില്‍ അകത്ത് അഞ്ചുപേരെ മാത്രമേ കയറ്റിയുള്ളൂ.
എന്നാല്‍, പുറത്ത് ആളുകള്‍ അകലം പാലിക്കാതെ കൂട്ടംകൂടി മണിക്കൂറുകള്‍ കാത്തുനിന്നു. ഇടക്കിടെ അടൂര്‍, പറക്കോട്, ഏനാത്ത്, ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകളുടെ മുന്നിലെത്തി പൊലീസ് ഇവരെ ശകാരിച്ചിട്ടും ആരും വകവെച്ചില്ല. ഇരുചക്രവാഹനങ്ങളും കാറുകളും ആയിരുന്നു നിരത്ത് കൂടുതല്‍ കൈയടക്കിയത്.
രാവിലെ ആറു മുതല്‍ ടിപ്പറുകളും ടോറസുകളും കായംകുളം-പത്തനാപുരം സംസ്ഥാന പാതയിലും ഏനാത്ത് പാതയിലും അമിതവേഗത്തില്‍ സഞ്ചരിച്ചത് ഭീതി പരത്തി. ആശുപത്രികളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച തുറക്കേണ്ട നിർദിഷ്ട കടകള്‍ മാത്രമല്ല മിക്കതും രാവിലെ തുറന്നിരുന്നു. ചില കടകള്‍ ഷട്ടര്‍ പകുതി ഉയര്‍ത്തി പ്രവര്‍ത്തിച്ചു. പൊലീസിനും സെക്ടര്‍ മജിസ്ട്രേറ്റുകള്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ കുഴഞ്ഞു.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി റാന്നി
റാന്നി: കോവിഡ് സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്തിയതോടെ ജനം കൂട്ടത്തോടെ പുറത്തിറങ്ങാൻ തുടങ്ങി. തിങ്കളാഴ്ച റാന്നിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മാസാവസാന ദിവസം കൂടി ആയതോടെ അസാധാരണ വാഹനത്തിരക്കിൽ റാന്നി പെരുമ്പുഴ വീർപ്പമുട്ടി.
സർക്കാർ സംവിധാനങ്ങൾ രാപ്പകലില്ലാതെ ജനങ്ങൾക്കായി ജോലി ചെയ്യുമ്പോഴാണ് അവഗണിച്ചുകൊണ്ട് റോഡുകളിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ, കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആര്) കൂടുതലായ റാന്നിയിലും സമീപ പഞ്ചായത്തുകളിലും ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണം തുടരുമെന്നും കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
20 മുതല്‍ 35 ശതമാനത്തിനു മുകളില്‍ ടി.പി.ആര് നിരക്ക് കൂടിയ റാന്നി- പഴവങ്ങാടി, റാന്നി -പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ല. പ്രദേശങ്ങളിൽ രോഗികളുടെ എണ്ണം 100നും 300നും ഇടയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണം തുടരാന്‍ യോഗത്തില്‍ തീരുമാനമായത്.
കൂടാതെ കണ്ടെയ്ൻമെൻറ് സോണുകളിലും ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്നും യോഗം തീരുമാനിച്ചു. കര്‍ശന നിയന്ത്രണം ആവശ്യമുള്ള പ്രദേശങ്ങളിലും ഇളവുകളുള്ള സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും.
വാഹന പരിശോധനയും സത്യവാങ്മൂല പരിശോധനയുമൊക്കെ മുറക്ക് നടക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലാകുന്നതാണ് കാരണം. പലരും വ്യാജസത്യവാങ്മൂലവുമായാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.