പോരാട്ടം മോദിയും ജനങ്ങളും തമ്മിലെന്ന് ഓട്ടോ ഡ്രൈവർമാർ
text_fieldsപന്തളം: പോരാട്ടം മോദിയും ജനങ്ങളും തമ്മിലാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും വീണ്ടും മോദി അധികാരത്തിലെത്തിയാൽ ഇന്ത്യതന്നെ ഇല്ലാതാകുമെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്നുമാണ് ബഹുഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരുടെയും നിലപാട്. വോട്ടുകവലയുടെ ഭാഗമായി പന്തളത്തെ ഓട്ടോ ഡ്രൈവർമാർ പ്രതികരിക്കുകയായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചത് സർവമേഖലയും ബാധിച്ചിരിക്കുകയാണ്. നിരവധി പ്രവാസികൾ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി മുച്ചക്രവാഹനമായി നിരത്തിലിറങ്ങിയതാണ്. കടുത്ത ചൂടിൽ ജനം പുറത്തിറങ്ങാത്തതു കാരണം ഓട്ടോകളെ ആരും ആശ്രയിക്കുന്നില്ല. കോവിഡിനുശേഷം സാധാരണക്കാരെല്ലാവർക്കും സ്വന്തമായി വാഹനം ഉള്ളതിനാലും ഓട്ടം വിളിക്കുന്നത് അപൂർവമാണ്. രാവിലെ സ്റ്റാൻഡിൽ എത്തിയാൽ ഉച്ചവരെയും പലപ്പോഴും ഓട്ടം ലഭിക്കാറില്ല. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് മൈതാനങ്ങളും റോഡുകളും തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പായിട്ടുപോലും ജനസാന്നിധ്യം ടൗണിൽ കുറവാണ്. എന്നിരുന്നാലും കേന്ദ്രത്തിൽ എൻ.ഡി.എ ഭരണത്തിന് മാറ്റം വരണമെന്നാണ് പന്തളം-പത്തനംതിട്ട റോഡിൽ ജങ്ഷന് കിഴക്കുവശം പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോ സ്റ്റാൻഡിലെ ഭൂരിപക്ഷം ഡ്രൈവർമാരുടെയും അഭിപ്രായം. ജാതിയും മതവും പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്.മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാകുമെന്നും ഓട്ടോ ഡ്രൈവർമാർ മുന്നറിയിപ്പ് നല്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.