അവസാന ലാപ്പിൽ കനമേറിയ പോര്
text_fieldsപത്തനംതിട്ട: പത്തനംതിട്ടയിലെ പോരിന് അവസാന ലാപ്പിൽ കനമേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നരമാസത്തോളം നീണ്ട പ്രചാരണ കാലത്ത് പൊതുവെ കണ്ട മന്ദീഭാവം വിട്ട് അവസാന സമയത്ത് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടമായി പത്തനംതിട്ടയിൽ മാറി. പകൽച്ചൂട് എല്ലാ സമയവും പ്രചാരണത്തെ സാരമായി ബാധിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനായി കേരളത്തിൽ ആദ്യം ഇറങ്ങിയ മണ്ഡലം പത്തനംതിട്ടയായിരുന്നു. കോൺഗ്രസിനെ മാത്രം ജയിപ്പിച്ചു പാരമ്പര്യമുള്ള ഈ ലോക്സഭ മണ്ഡലത്തിൽ ഇത്തവണ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ടാകാം. ഓരോദിവസവും വന്നുകൊണ്ടിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇതിന്റെ ദിശാസൂചികകളുമാകാം.
ഹാട്രിക് നേട്ടവുമായി കളത്തിലിറങ്ങിയ ആന്റോ ആന്റണി, രണ്ട് ടേമുകളിലായി ഒരുപതിറ്റാണ്ട് കേരളത്തിന്റെ ഖജനാവ് സൂക്ഷിച്ച തോമസ് ഐസക്, പേരിൽ തന്നെ രാഷ്ട്രീയ പെരുമയുള്ള അനിൽ കെ. ആന്റണി ഇവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. ബി.എസ്.പിയുടെ ഗീതാകൃഷ്ണൻ ഉൾപ്പെടെ മറ്റ് അഞ്ചു പേർകൂടി മത്സരിക്കാനുണ്ട്. സ്ഥാനാർഥികളുടെ മികവിലാണ് മുന്നണികൾ ചുവടുവച്ചു തുടങ്ങിയത്. എന്നാൽ, രാഷ്ട്രീയത്തിനപ്പുറത്തേക്ക് പത്തനംതിട്ടയിൽ ചില അടിയൊഴുക്കുകൾ ഇപ്പോൾ കാണുന്നുണ്ട്. 2009ലാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം രൂപവത്കൃതമാകുന്നത്.പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയത്തെ രണ്ട് മണ്ഡലങ്ങളും ഉൾപ്പെടുന്ന പത്തനംതിട്ടയിൽ അന്തിമ പട്ടിക പ്രകാരം 14,29,700 വോട്ടർമാരുണ്ട്. കഴിഞ്ഞതവണത്തേക്കാൾ 20929 പേരുടെ വർധന.
മണ്ഡലം സുപരിചിതമെന്ന് ആന്റോ ആന്റണി
2009ൽ അപ്രതീക്ഷിത സ്ഥാനാർഥിയായി മണ്ഡലത്തിലെത്തി പത്തനംതിട്ടയെ സ്വന്തമാക്കിയ ആളാണ് ആന്റോ ആന്റണി. പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഇത്തവണ സ്ഥാനാർഥിയാകുമോയെന്നതിനെ സംബന്ധിച്ചു തുടക്കത്തിൽ ചില അഭ്യൂഹങ്ങൾ പരന്നുവെങ്കിലും സിറ്റിങ് എംപിമാർ മത്സരിക്കട്ടേയെന്ന ഹൈക്കമാൻഡിന്റെ തീരുമാനം വന്നതുമുതൽ അരയും തലയും മുറുക്കി ആന്റോ രംഗത്തിറങ്ങുകയായിരുന്നു. 15 വർഷം കൊണ്ട് മണ്ഡലം ആന്റോക്ക് സുപരിചിതമാണ്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ എന്തു തന്നെയായാലും ലോക്സഭയിലേക്ക് ഫലം മറിച്ചാകില്ലെന്ന് നേതാക്കൾ പറയുന്നു.
15 വർഷത്തിനിടെ എന്തു ചെയ്തുവെന്ന് ചോദിക്കുന്നവർക്ക് മണ്ഡലത്തിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ആന്റോ മറുപടി നല്കുന്നത്. എംപി വികസന ഫണ്ടിൽ നിന്നു സ്ഥാപിച്ച ബസ് കാത്തരിപ്പ് കേന്ദ്രങ്ങളിലെ പേര് തുണിയിട്ട് മറച്ചുവച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടി തനിക്ക് ഗുണകരമാണെന്ന് ആന്റോ. വെയ്റ്റിംഗ് ഷെഡുകളിൽ ആന്റോ ആന്റണി എന്ന പേര് തിളങ്ങുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന എൽ.ഡി.എഫിന്റെ പരാതിയിലാണ് തുണിയിട്ടു മൂടിയത്. വോട്ടെണ്ണിക്കഴിയുമ്പോൾ ഈ തുണി തനിയെ അഴിഞ്ഞുപൊയ്ക്കോളുമെന്നാണ് ആന്റോയുടെ മറുപടി. ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മുന്നിൽക്കണ്ട് ജനം വോട്ടു ചെയ്യുമെന്നും സംസ്ഥാനത്തു നിലനിൽക്കുന്ന ഭരണവിരുദ്ധവികാരവും തനിക്ക് ഗുണകരമാകുമെന്നാണ് ആന്റോ ആന്റണിയുടെ പ്രതീക്ഷ.
ഉറപ്പാണ് പത്തനംതിട്ടയെന്ന് തോമസ് ഐസക്
പത്തനംതിട്ടയിൽ പതിനായിരം പേർക്ക് അധികമായി തൊഴിൽ കിട്ടുമെന്ന ഉറപ്പിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക് രംഗ പ്രവേശം ചെയ്തത്. വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ എന്ന ആശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ പദ്ധതി ഐസക് മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ചു. പത്തനംതിട്ടക്കാരിൽ നല്ലൊരു പങ്കും പ്രവാസികളാണ്. ഇപ്പോഴും കുടിയേറ്റത്തോടു താൽപര്യം കാട്ടുന്ന ജനവിഭാഗം. വിദ്യാഭ്യാസത്തിലും തൊഴിൽ തൽപരതയിലും മുന്നിൽ നിൽക്കുന്നവർ. ഇവർക്ക് ആവശ്യമായ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയെന്ന പദ്ധതിയിലൂടെ യുവാക്കളെ സ്വാധീനിക്കാനാണ് ഐസക് ശ്രമിച്ചത്.
മുമ്പ് ആലപ്പുഴയിൽ മത്സരിക്കുമ്പോഴും ഇത്തരം പദ്ധതികളൊക്കെ ഐസക് ആസൂത്രണം ചെയ്തിരുന്നു. ജനകീയാസൂത്രണവും കുടുംബശ്രീയും കിഫ്ബിയുമെല്ലാം തോമസ് ഐസക്കിന്റെ ഭാവനയിലൂടെ പുഷ്പിച്ചതുപോലെ വിജ്ഞാന പത്തനംതിട്ടക്ക്വേണ്ടി എൽ.ഡി.എഫ് പ്രവർത്തകരും പ്രചാരണം നടത്തി. പത്തനംതിട്ടയുടെ രാഷ്ട്രീയമാറ്റം കണ്ടാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിനെ സിപിഎം ഇവിടെ മത്സരിപ്പിച്ചത്. അനുകൂലമായ ഘടകങ്ങൾ ഏറെയുണ്ടെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റമാണ് ഇതിൽ പ്രധാനം. കേരള കോൺഗ്രസ് - എം എൽ.ഡി.എഫിലെത്തിയതിന്റെ പ്രയോജനം ഏറ്റവുമധികം ഉണ്ടാകാനിടയുള്ളതും പത്തനംതിട്ടയിലാണെന്ന് മുന്നണി നേതൃത്വം കരുതുന്നു. കേരള കോൺഗ്രസിന് മണ്ഡല പരിധിയിൽ മൂന്ന് എം.എൽ.എമാരാണുള്ളത്. നിലവിലെ എംപിയുടെ പ്രവർത്തനം തീരെ പോരെന്ന അഭിപ്രായം പൊതുവെ ഉയർന്നുവന്നിട്ടുണ്ടെന്നും എൽ.ഡി.എഫ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയവും കൂടിക്കലരുമ്പോൾ അനുകൂല പത്തനംതിട്ട ഉറപ്പായും തന്നെ അംഗീകരിക്കുമെന്ന് ഐസക്ക് പ്രതികരിച്ചു.
കണക്കിൽ പ്രതീക്ഷിച്ച് അനിൽ ആന്റണി
ബിജെപി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചാണ് പത്തനംതിട്ടയിൽ അനിൽ കെ. ആന്റണിയുടെ സ്ഥാനാർഥിത്വം വന്നത്. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് അനിലിനെ പത്തനംതിട്ടയിലേക്ക് അയച്ചിരിക്കുന്നത്. ആദ്യമൊക്കെ അനിലിന്റെ സ്ഥാനാർഥിത്വത്തെ ഉൾക്കൊള്ളാൻ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ കളം മാറി. പത്തനംതിട്ടയിലെത്തിയ നരേന്ദ്രമോദി വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രചാരണ വേദിയിൽ അനിലുമായി അദ്ദേഹം ഏറെ സംസാരിച്ചു. അതിനു മുമ്പ് ഡൽഹിയിലെത്തി അനിൽ കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. പത്തനംതിട്ടയിലെ വോട്ടിങ് പാറ്റേൺ മനസ്സിലാക്കിയ പ്രധാനമന്ത്രി എന്തുകൊണ്ട് ഇവിടെ ജയിച്ചുകൂടാ എന്നാണ് സംസ്ഥാന നേതാക്കളോടു ചോദിച്ചത്.
2009ൽ 13.95 ശതമാനം മാത്രമായിരുന്നു ബിജെപി വോട്ടെങ്കിൽ എം.ടി. രമേശ് മത്സരിച്ച 2014ൽ 15.95 ശതമാനമായും 2019ൽ 28.97 ശതമാനമായും വർധിച്ചു. കണക്കിലെ ഈ മാറ്റം തന്നെയാണ് എൻ.ഡി.എയുടെ പ്രതീക്ഷ. സാമുദായികപരമായ ചില പിന്തുണകളും അവർ ലക്ഷ്യംവക്കുന്നു. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ ബിജെപി പ്രവേശനവും മണ്ഡലത്തിൽ പ്രയോജനകരമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപി കേന്ദ്ര നേതൃത്വവുമായി കുറഞ്ഞകാലം കൊണ്ട് ഏറെ അടുപ്പത്തിലായ അനിലിന്റെ മത്സരം സംസ്ഥാനത്തും ശ്രദ്ധിക്കപ്പെട്ടു. ആന്റണിയുടെ മകൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്നതിനാൽ പത്തനംതിട്ടയിലെ വോട്ടുകണക്കുകൾ ദേശീയതലത്തിലും ചർച്ച ചെയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.