ഇന്ന് നിശ്ശബ്ദ പ്രചാരണം, പത്തനംതിട്ടയിൽ 144 പുറപ്പെടുവിച്ചു
text_fieldsപത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിനായി ഒന്നര മാസത്തിലേറെ നാടിളക്കി നടന്ന പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. കൊട്ടും പാട്ടും മുദ്രാവാക്യം വിളികളുമായി പ്രചാരണ സമാപനം പരമാവധി കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളും മൽസരിച്ചപ്പോൾ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടിമുടിയേറുന്ന കാഴ്ചയാണ് കണ്ടത്. കാതടിപ്പിക്കുന്ന അനൗൺസ്മെന്റിനൊപ്പം ചെണ്ടമേളവും ബാൻഡ് സെറ്റുമടക്കം വാദ്യ മേളങ്ങളും വാനിൽ പറന്ന ചിഹ്നം പതിച്ച വർ ണബലൂണുകളും പാർട്ടി പതാകകളുമെല്ലാം ആഘോഷം കളറാക്കി. മുദ്രാവാക്യം വിളിച്ച് നൃത്തച്ചുവടുകളുമായി പ്രവർത്തകർ ആടിത്തിമർത്തു. പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സ്ഥാനാർഥികളും കൊട്ടിക്കലാശത്തിന് ആവേശംപകർന്നു.
നഗരത്തിലെ അബാൻ ജങ്ഷനായിരുന്നു കൊട്ടികലാശത്തിന്റെ കേന്ദ്രബിന്ദു. വാഹനത്തിൽനിന്ന് പ്രവർത്തകർക്ക് ആവേശം പകരാൻ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ഐസക്കിനൊപ്പം മന്ത്രി വീണാ ജോർജും ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കൊപ്പം പ്രവർത്തകർക്ക് ആവേശം പകർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ അനിൽ തോമസ്, ജോർജ് മാമ്മൻകൊണ്ടൂർ എന്നിവരുംഉണ്ടായിരുന്നു. അനിൽ ആന്റണിക്കൊപ്പം റോയ് മാത്യു, വി.ആർ. സൂരജ് തുടങ്ങിയവരും പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് ശേഷം മുന്നണി പ്രവർത്തകർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഒത്തുകൂടി ആഘോഷം തുടങ്ങി. മൂന്ന് മണിയോടെ സംഘങ്ങൾ നിശ്ചിത കേന്ദ്രങ്ങളിലേക്ക് എത്തി. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയിരുന്നു. ജങ്ഷനിലെ മൂന്ന് ഭാഗങ്ങളിലേക്കുളള റോഡുകളിൽ മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ കേന്ദ്രീകരിച്ചതിനാൽ സംഘർഷ സാധ്യത ഒഴിവായി. അതിനാൽ തന്നെ ആവേശകൊടുമുടിയിലും സമാപനം സമാധന പരമായി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വലിയ സംഘം പൊലിസും കേന്ദ്ര സേന അംഗങ്ങളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിച്ച ബുധനാഴ്ച ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് 27 ന് രാവിലെ ആറു വരെ ജില്ലയില്‍ 144 പുറപ്പെടുവിച്ചിരിക്കുകയാണ്.
നിരോധനാജ്ഞ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായ സര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍ എന്നിവയൊക്കെ നിരോധിച്ചിട്ടുണ്ട്.
പന്തളം: പ്രവർത്തകരുടെ ആവേശം മുൾമുനയിൽ നിർത്തി പന്തളത്ത് മുന്നണികളുടെ കലാശക്കൊട്ട്. കഴിഞ്ഞ ഒന്നരമാസമായി നീണ്ടുനിന്ന പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് മുന്നണിയുടെ കലാശക്കൊട്ട് ആവേശത്തോടെയാണ് സമാപിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മുതൽ മൂന്നുമുന്നണികളും ടൗണുകൾ കേന്ദ്രീകരിച്ച് പ്രചരണം സജീവമാക്കി. വൈകുന്നേരം നാലോടെ പ്രകടനവുമായി ടൗണിൽ എത്തി, പ്രകടനം ടൗൺ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചതോടെ കൂടുതൽ പോലീസ് സന്നദ്ധ നിലയുറപ്പിച്ചു. പ്രകടനങ്ങൾ ടൗൺ കേന്ദ്രീകരിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കോന്നി: കടുത്ത മേട ചൂടിലും കോന്നിയിൽ കൊട്ടികലാശം മുറുക്കി മുന്നണികൾ. മൂന്ന് മണിയോടെ കൂടി തന്നെ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ പ്രവർത്തകർ കോന്നി ട്രാഫിക് ജംഗ്ഷനിൽ നിരന്നിരുന്നു. കോന്നി എലിയറക്കലിൽ നിന്നും പ്രകടനമായാണ് ഇടതുപക്ഷ പ്രവർത്തകർ എത്തിയത്. വിവിധ നിറങ്ങളിൽ ഉള്ള കൊടിതോരണങ്ങളും പോപ്പറുകളും വാദ്യമേളങ്ങളും എല്ലാം കൊട്ടികലാശത്തിനു കൊഴുപ്പേകി. കേരള പോലീസ്, തമിഴ്നാട് പോലീസ്, ആംഡ് പോലീസ് തുടങ്ങിയവർ കോന്നിയിൽ ഗതാഗത കുരുക്കും ക്രമ സമാധാനവും നിയന്ത്രിച്ചു.
തിരുവല്ല: തിരുവല്ലയിൽ മൂന്ന് മുന്നണികളുടെയും വാശിയേറിയ പ്രകടനമാണ് ബുധനാഴ്ച നഗര സിരാ കേന്ദ്രമായ എസ്.സി.എസ്.ജഗ്ഷനിൽ കാഴ്ച്ച വച്ചത്. വൈകുന്നേരം അഞ്ചോടെ മുന്നണികളുടെ പ്രവർത്തകരും വാഹനങ്ങളും മൂന്ന് കേന്ദ്രങ്ങളിലും സംഘടിച്ചു. കുരിശു കവലയിൽ നിന്ന് ബി.ജെ.പി പ്രവർത്തകരും ദീപാ ജംഗ്ഷനിൽ നിന്ന്എൽ.ഡി.എഫ പ്രവർത്തകരും വൈ.എം.സി.എ ജങ്ഷനിൽ നിന്ന് യു.ഡി.എഫ് പ്രവർത്തകരും എസ്.സി.എസ് ജംഗ്ഷനിലേക്ക് പ്രകടനമായി എത്തി ചേർന്നു.
സുരക്ഷ കനപ്പിച്ച് പൊലീസ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായെന്ന് ജില്ല പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 11 ഡിവൈഎസ്പിമാര്‍, 30 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 230 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1253 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സുരക്ഷാ ഉറപ്പാക്കുന്നത്. തമിഴ്നാട് പോലീസില്‍ നിന്നുള്ള 80 ഉദ്യോഗസ്ഥരും സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്സിലെ 24 ഉദ്യോഗസ്ഥരെയും എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, സ്പെഷ്യല്‍ പോലീസ് ഫോഴ്സ്, ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
17 പ്രശ്നബാധിത ബൂത്തുകള്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 17 പ്രശ്നബാധിത (ക്രിറ്റിക്കല്‍) ബൂത്തുകള്‍ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ് പ്രേം കൃഷ്ണന് പറഞ്ഞു. മണ്ഡലത്തില്‍ ആകെയുള്ള 1437 ബൂത്തുകളില്‍ ജില്ലയില്‍ നിന്നുള്ള 12 ഉം കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഞ്ചുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡലത്തില്‍ ആകെ 137 സെന്‍സിറ്റീവ് പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ജില്ലയില്‍ 115, പൂഞ്ഞാര്‍ 13, കാഞ്ഞിരപ്പള്ളി ഒന്‍പത് എന്നിങ്ങനെയാണ് കണക്ക്.
1437 പോളിങ് ബൂത്തുകള്‍
ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തില്‍ 1437 പോളിങ് ബൂത്തുകള്‍ സജ്ജമായി. ജില്ലയിലെ പോളിങ് ബൂത്തുകള്‍ 1077 ആണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലായി 360 ബൂത്തുകളും ഒരുങ്ങി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആറന്മുള 246, കോന്നി 212, അടൂര്‍ 209, തിരുവല്ല 208, റാന്നി 202, പൂഞ്ഞാര്‍ 179, കാഞ്ഞിരപ്പള്ളി 181 പോളിങ് ബൂത്തുകളാണുള്ളത്. മണ്ഡലത്തില്‍ 17 പ്രശ്ന ബാധിത (ക്രിട്ടിക്കല്‍) ബൂത്തുകളും 137 പ്രശ്നസാധ്യത (സെന്‍സിറ്റീവ്) ബൂത്തുകളും 34 മോഡല്‍ പോളിങ് ബൂത്തുകളും 70 പിങ്ക് (സ്ത്രീ സൗഹൃദ) പോളിങ് ബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലൈവ് വെബ് കാസ്റ്റിങ് 808 ബൂത്തുകളില്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 808 ബൂത്തുകളില്‍ ലൈവ് വെബ് കാസ്റ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ലൈവ് വെബ് കാസ്റ്റിംഗിലൂടെ ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കലക്ടര്‍ എസ് പ്രേം കൃഷ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.