പത്തനംതിട്ട ജില്ലയില്‍ 13,686 ഭിന്നശേഷി വോട്ടര്‍മാർ; കൂടുതല്‍ കോന്നിയില്‍
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ 13,686 ഭിന്നശേഷി വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരില്‍ 7473 പുരുഷ വോട്ടര്‍മാരും 6212 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാൻസ്ജെൻഡർ വോട്ടറുമാണുള്ളത്.
കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് കോന്നി നിയോജക മണ്ഡലത്തിലും കുറവ് റാന്നിയിലുമാണ്. കോന്നിയില്‍ 3698 ഭിന്നശേഷി വോട്ടര്‍മാരില്‍ 1899 പുരുഷ വോട്ടര്‍മാരും 1798 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാൻസ്ജെൻഡർ വോട്ടറുമാണുള്ളത്. 1903 ഭിന്നശേഷി വോട്ടര്‍മാരുള്ള റാന്നിയില്‍ 1110 പുരുഷ വോട്ടര്‍മാരും 793 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. അടൂരില്‍ 1637പുരുഷ വോട്ടര്‍മാരും 1335 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 2972 ഭിന്നശേഷി വോട്ടര്‍മാരുമാണുള്ളത്.
2799 ഭിന്നശേഷി വോട്ടര്‍മാരുള്ള ആറന്മുളയില് 1539 പുരുഷ വോട്ടര്‍മാരും 1260 സ്ത്രീ വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ 2314 ഭിന്നശേഷി വോട്ടര്‍മാരുള്ളതില്‍ 1288 പുരുഷ വോട്ടര്‍മാരും 1026 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
ജില്ലയില്‍ 17,151 മുതിര്‍ന്ന വോട്ടര്‍മാര്‍
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇക്കുറി 17,151 മുതിര്‍ന്ന വോട്ടര്‍മാര്‍ സമ്മതിദാനവകാശം രേഖപ്പെടുത്തും. 10663 സ്ത്രീ വോട്ടര്‍മാരും 6488 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെയാണ് ഈ കണക്ക്. ജില്ലയില്‍ 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം ആറന്മുളയാണ്. 3077 സ്ത്രീ വോട്ടര്‍മാരും 1883 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 4960 വോട്ടര്‍മാർ. തിരുവല്ലയില്‍ 2311 സ്ത്രീ വോട്ടര്‍മാരും 1551 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 3862 വോട്ടര്‍മാരും കോന്നിയില്‍ 1922 സ്ത്രീ വോട്ടര്‍മാരും 1055 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2977 വോട്ടര്‍മാരുമാണുള്ളത്. റാന്നിയില്‍ 1787 സ്ത്രീ വോട്ടര്‍മാരും 1153 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2940 വോട്ടര്‍മാരുണ്ട്. മുതിര്‍ന്ന വോട്ടര്‍മാര്‍ കുറവുള്ളത് അടൂരിലാണ്. 1566 സ്ത്രീ വോട്ടര്‍മാരും 846 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2412 വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തുക.
സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലനം നടത്തി
പത്തനംതിട്ട: തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ല ചെലവ് നിരീക്ഷകന് കമലേഷ് കുമാര്‍ മീണ പറഞ്ഞു.
ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകള്‍, സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം, പൊതുപരിപാടികളുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് വേളയില്‍ ഓരോ സ്ഥാനാര്‍ഥിയും നാമനിർദേശ ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള (രണ്ടു തീയതിയും ഉള്‍പ്പെടെ) കണക്കുകള്‍ സൂക്ഷിക്കണം.
തെരഞ്ഞെടുപ്പ് ചെലവിന്റെ കൃത്യമായ കണക്ക് ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് അയോഗ്യനാക്കും.
തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലാകണം പണം നിക്ഷേപിക്കേണ്ടത്. അക്കൗണ്ടില്‍നിന്ന് പണം ചെലവഴിക്കുന്നത് സ്ഥാനാര്‍ഥി മാത്രമായിരിക്കണം. ചെലവ് സംബന്ധിച്ച കണക്ക് ജില്ല ചെലവ് നിരീക്ഷകന് സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉണ്ടാകണം.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രചാരണ കാലയളവില്‍ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാന്‍ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല ഫിനാന്‍സ് ഓഫിസര്‍ കെ. അനില്‍കുമാര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.