കൂട്ടിയും കിഴിച്ചും മുന്നണികൾ
text_fieldsആന്റോ ആന്റണിയുടെ വിജയം ഉറപ്പ് -സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട: ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ ബഹുഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പാണെന്ന് സ്ഥാനാർഥിയുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ് കൂടിയായിരുന്ന ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷത്തിൽ നേരിയ ഇടിവിന് സാധ്യതയുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഏകോപനത്തോടെയുള്ള ചിട്ടയായ പ്രവർത്തനം മൂലം പരാമവധി യു.ഡി.എഫ് വോട്ടുകൾ പോൾ ചെയ്യിക്കാൻ കഴിഞ്ഞതായും ഇത് നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം സുനിശ്ചിതമാക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അഭ്യസ്തവിദ്യരുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരാജയം മൂലമുള്ള അവരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വോട്ടർ പട്ടിക ശുദ്ധീകരണത്തിലെ കാര്യക്ഷമതയില്ലായ്മയും കഠിനമായ വേനൽ ചൂടും പത്തനംതിട്ടയിലെ പോളിങ് ശതമാനത്തിലെ കുറവിന് കാരണങ്ങളായിട്ടുണ്ട്.
നിഷ്പക്ഷവും നീതിപൂർവം സ്വതന്ത്രവും കാര്യക്ഷമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ മറ്റ് മണ്ഡലങ്ങളിൽ എന്ന പോലെ പത്തനംതിട്ട ലോക്സഭ വരണാധികാരിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വീഴ്ച്ച പറ്റിയതായി അദ്ദേഹം പറഞ്ഞു.
എതിർ സ്ഥാനാർഥികൾ നടത്തിയ നിരവധി ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പോളിങ് ഉദ്യോഗസ്ഥരുടെ പേര് അടങ്ങുന്ന ലിസ്റ്റ് ചോർന്ന സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്ര അന്വേഷണവും കർശന നടപടിയും ഉണ്ടാകണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
തോമസ് ഐസക് വൻഭൂരിപക്ഷത്തിൽ വിജയിക്കും -രാജു എബ്രഹാം
പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് 40000ത്തിനും 50000ത്തിനും ഇടയിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇടതു മുന്നണി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം. കോന്നി, അടൂർ നിയമസഭ മണ്ഡലങ്ങളിൽ ഭൂരിപക്ഷം 10,000 കടക്കും. മറ്റ് അഞ്ച് മണ്ഡലത്തിലും 3000ത്തിനും 10000ത്തിനും ഇടയിൽ ഭൂരിപക്ഷമുണ്ടാകും.
പോളിങ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കില്ല. യു.ഡി.എഫിനും എൻ.ഡി.എക്കുമാണ് നഷ്ടമുണ്ടാകുക. സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വൃന്ദ കാരാട്ട്, എം.വി. ഗോവിന്ദൻ, അമർജിത് കൗർ, മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, വി.എൻ. വാസവൻ തുടങ്ങിയവരെല്ലാം പ്രചാരണത്തിനെത്തി.
പ്രചാരണത്തിന്റെ ഭാഗമായി വന്യമൃശല്യം, പട്ടയ പ്രശ്നം തുടങ്ങി ജില്ല നേരിടുന്ന വിവിധ വിഷയങ്ങളും ശബരിമലയുടേത് ഉൾപ്പെടെ വികസന സാധ്യതകളും ചർച്ച ചെയ്ത് ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയും അത് നേടിയെടുക്കാൻ തോമസ് ഐസക് തെരഞ്ഞെടുക്കപ്പെടേണ്ടതിന്റെ അനിവാര്യത വോട്ടർമാരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.
ഇത്തരം കാര്യങ്ങളിൽ മുമ്പ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരുടെ നിസ്സംഗത തുറന്നുകാട്ടാനും കഴിഞ്ഞു. പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം ഉൾപ്പെടെ ചൂണ്ടികാട്ടി സംസ്ഥാനത്തെ കടക്കെണിയിലാക്കിയതിന്റെ ഉത്തരവാദിയെന്ന ആരോപണത്തിന്റെ മുനയൊടിക്കാനും കഴിഞ്ഞുവെന്നും രാജു എബ്രഹാം പറഞ്ഞു.
എൻ.ഡി.എക്ക് തികഞ്ഞ വിജയപ്രതീക്ഷ -വി.എ. സൂരജ്
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണി വിജയിക്കുമെന്ന കാര്യത്തിൽ തികഞ്ഞ പ്രതീക്ഷയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്. മണ്ഡലത്തിലുടനീളം എൻ.ഡി.എയുടെ ബൂത്ത് കമ്മിറ്റികൾ സജീവമായിരുന്നു. മുമ്പെങ്ങും ഉണ്ടാകാത്ത രീതിയിൽ വീട് കയറി പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമപ്രവർത്തനങ്ങളോട്
ജനങ്ങൾക്കുള്ള താൽപ്പര്യം വോട്ടെടുപ്പിൽ വലിയ രീതിയിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ന്യൂപക്ഷ മേഖലകളിൽനിന്ന് വലിയ തോതിൽ പിന്തുണ ലഭിച്ചു. യുവാക്കളും മുമ്പ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന വോട്ടർമാരും എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കാൻ തയാറായിട്ടുണ്ട്. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധലികാരത്തിൽ വരുന്ന സാഹചര്യത്തിൽ മണ്ഡലത്തിന്റെ എൻ.ഡി.എ സ്ഥാനാർഥി വിജയിക്കണം എന്ന ചിന്ത പൊതുവെ പ്രകടമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അനിലിന്റെ വിജയം ഉറപ്പാക്കാൻ പത്തനംതിട്ടയിൽ എത്തി. കൂടാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, പ്രകാശ് ജാവദേക്കർ തുടങ്ങിയവരും മണ്ഡലത്തിൽ എത്തി. മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഒരുതരത്തിലും അത് എൻ.ഡി.എ സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കില്ലെന്ന് സൂരജ് പറഞ്ഞു. എൻ.ഡി.എക്ക് ലഭിക്കേണ്ട വോട്ടുകൾ പൂർണമായും ചെയ്തുവെന്ന് ഉറപ്പുവരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
അനിലിന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് ചില കേന്ദ്രങ്ങൾ സ്ഥാനാർഥിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ അത് പൊളിഞ്ഞു പോയി. ഒരുതരത്തിലും ആരോപണം സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും വിജയം ഉറപ്പാണെന്നും വി.എ. സൂരജ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.