ലോക്സഭ തെരഞ്ഞെടുപ്പ്: കൂട്ടിക്കിഴിച്ച് മുന്നണികൾ; ചൂടേറി പ്രചാരണം
text_fieldsപത്തനംതിട്ട: നാമനിർദ്ദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ മനക്കോട്ടകൾ കെട്ടിയ മുന്നണികൾ കണക്കുകളുടെ കൂട്ടിക്കിഴിക്കലുകളിലേക്ക് കടക്കുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.
പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക് ശനിയാഴ്ച നൽകിയിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ മന്ത്രിയുമായ ഐസക്ക് പാർട്ടിയുടെ പത്തനംതിട്ട ജില്ല ചുമതലയും വഹിക്കുന്നു.
തുടർച്ചായ നാലാം തവണയും ബലപരീക്ഷണത്തിന് ഇറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥിയായ സിറ്റിങ് എം.പി ആന്റോ ആന്റണി ബുധനാഴ്ചയും പത്രിക നൽകി. കോൺഗ്രസ് വിട്ട് സംഘ്പരിവാർ പാളയത്തിൽ എത്തിയ അനിൽ കെ. ആന്റണി എൻ.ഡി.എ പ്രതിനിധിയായി നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ സ്വതന്ത്രരും മുൻനിര സ്ഥാനാർഥികളുടെ പേരുമായി സാദൃശ്യമുള്ളവരും ഇന്ന് പത്രിക നൽകുന്നതോടെ കളം ചൂട്പിടിക്കും.
സമാന പേരുള്ള സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കാനുള്ള നൊട്ടോട്ടവും ഇതിനിടയിലുണ്ടാകും. മൂന്ന് മുന്നണികൾക്കും വിമതശല്യം മണ്ഡലത്തിൽ നേരിടേണ്ടി വരില്ല. ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ, നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം.
പിടിച്ചെടുക്കാനും നിലനിർത്താനും
പത്തനംതിട്ട ലോക്സഭ കോട്ട പിടിച്ചെടുക്കാനുള്ള സർവ തന്ത്രങ്ങളും എൽ.ഡി.എഫ് പയറ്റുമ്പോൾ തങ്ങളുടെ ശക്തികേന്ദ്രം പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ബന്ധങ്ങൾ പുതുക്കി ഊട്ടി ഉറപ്പിക്കാനുള്ള നൊട്ടോട്ടത്തിലാണ് സിറ്റിങ് എം.പി ആന്റോ.
അതേ സമയം ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും സന്ദർശിച്ച് പരമാവധി സാമുദായിക വോട്ടുകൾ ഏകീകരിപ്പിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി അനിൽ. മുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപന ദിവസം മുതൽ ചിട്ടയായ പ്രവർത്തനങ്ങളുമായി പ്രചാരണത്തിൽ എൽ.ഡി.എഫ് ഒരു പടി മുന്നിലാണ്. മണ്ഡലത്തിന്റെ മുക്കുമൂലകളിൽ മുഖാമുഖവുമായി സജീവമാണ് ഐസക്.
മൂന്ന് സ്ഥാനാർഥികളുടെയും പ്രചാരണ പോസ്റ്ററുകളും ഫ്ലക്സുകളും മണ്ഡലത്തിൽ എങ്ങും നിറഞ്ഞുകഴിഞ്ഞു. എൽ.ഡി.എഫ്- എൻ.ഡി.എ മുന്നണികൾക്ക് പ്രചാരണത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടുന്നില്ല. എന്നാൽ സാമ്പത്തിക ഞെരുക്കത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. അതിനനുസരിച്ച മെല്ലെപ്പോക്കും ഇവിടെ കാണുന്നുണ്ട്. സാമ്പത്തിക പ്രയാസം അനുവഭിക്കുന്നതായും പ്രവർത്തകരിൽ നിന്ന് പണം പിരിച്ചാണ് പ്രചാരണം നടത്തുന്നതെന്നുമാണ് സ്ഥാനാർഥി ആന്റോ ആന്റണി വ്യക്തമാക്കിയത്.
വോട്ട് എങ്ങോട്ട് ചായും?
മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം വേനൽ ചൂടിനൊപ്പം തിളക്കുന്നതിനിടെ അണിയറയിലും നേതാക്കളുടെ നേതൃത്വത്തിൽ തലപുകഞ്ഞ കണക്കുകൂട്ടലാണ്. എങ്ങനെയും വോട്ട് തങ്ങളുടെ ചിഹ്നത്തിൽ പതിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം കൊടുമ്പിരിക്കൊള്ളുന്നു. പത്തനംതിട്ടക്കാരുടെ മനസ്സിനെ വായിച്ചെടുക്കാൻ ശ്രമിക്കുകയാണവർ.
നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത്തോട്ടും ഡൽഹി പ്രതിനിധി വലതനാകുന്നതിന്റെയും പത്തനംതിട്ടയുടെ കൺകെട്ട് വിദ്യ വാർ റൂമിലെ യുദ്ധ വിദഗ്ധരെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. വർധിക്കുന്ന വോട്ടുശതമാനത്തിൽ കണ്ണുവെച്ച് എൻ.ഡി.എയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. എന്നാൽ ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണിക്കെതിരായ പാളയത്തിൽ പട ബി.ജെ.പിയിൽ അസ്വസ്ഥത പുകക്കുന്നു.
ഭൂരിപക്ഷം കുറഞ്ഞുവന്നു
പുതിയ മണ്ഡലം നിലവിൽ വന്നശേഷം 2009ലെയും 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകളിൽ വിജയം യു.ഡി.എഫിനായിരുന്നു. 2009ൽ ആന്റോ ആൻറണിയുടെ ഭൂരിപക്ഷം 1,11,206 ആയിരുന്നു. സി.പി.എം നേതാവായിരുന്ന കെ. അനന്തഗോപനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. 51.21 ശതമാനം വോട്ട് അന്ന് ആന്റോക്ക് ലഭിച്ചു. എൽ.ഡി.എഫിന് 37.26 ശതമാനം വോട്ടും ബിജെപിക്ക് 7.06 ശതമാനം വോട്ടുമാണ് ലഭിച്ചത്.
തുടർ തെരഞ്ഞെടുപ്പുകളിൽ ആന്റോയുടെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതാണ് കണ്ടത്. 2014ൽ ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായി കുറഞ്ഞു. കോൺഗ്രസ് വിട്ടെത്തിയ പീലിപ്പോസ് തോമസായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിന് 41.19 ശതമാനം വോട്ടാണ് അന്നു ലഭിച്ചത്. എൽ.ഡി.എഫിന് 34.74 ശതമാനം വോട്ടും ബി.ജെ.പിക്ക് 15.95 ശതമാനം വോട്ടും ലഭിച്ചു.
ശബരിമല യുവതി പ്രവേശന വിഷയം ഏറ്റവും അധികം പ്രചാരണ വിഷയമാക്കിയ പത്തനംതിട്ട മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ ആന്റോ വിജയിച്ചത് 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. വീണ ജോർജായിരുന്നു സി.പി.എം സ്ഥാനാർഥി. കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയുമായെത്തി.
യു.ഡി.എഫിന് 37.11 ശതമാനവും എൽ.ഡി.എഫിന് 32.80 ശതമാനവും വോട്ടുലഭിച്ചപ്പോൾ ബി.ജെ.പി വോട്ട് ശതമാനം 28.97 ശതമാനമായി ഉയർത്തി. 2009ൽ 56,294 വോട്ട് മാത്രം നേടിയ ബി.ജെ.പി 2019ൽ 2,97,396 വോട്ട് നേടി. എൽ.ഡി.എഫിന് 3.36,684 വോട്ടാണ് ലഭിച്ചത്.
വോട്ടിങ് നില നിയമസഭ 2021
അടൂർ
ചിറ്റയം ഗോപകുമാർ (സി.പി.ഐ)- 66,569.
എം.ജി. കണ്ണൻ (കോൺഗ്രസ്)-63,650.
കെ. പ്രതാപൻ (ബി.ജെ.പി)- 23,980.
ഭൂരിപക്ഷം (എൽ.ഡി.എഫ്)- 2,919
(2016 നിയമസഭ എൽ.ഡി.എഫ് ഭൂരിപക്ഷം - 25,460.)
കോന്നി
കെ.യു. ജനീഷ് കുമാർ (സി.പി.എം)- 62,318.
റോബിൻ പീറ്റർ (കോൺഗ്രസ്)- 53,810.
കെ. സുരേന്ദ്രൻ (ബി.ജെ.പി)- 32,811
ഭൂരിപക്ഷം - 8,508.
(2016 നിയമസഭ യു.ഡി.എഫ് ഭൂരിപക്ഷം 20,748)
ആറന്മുള
വീണ ജോർജ് (സി.പി.എം)- 74,950.
കെ. ശിവദാസൻ നായർ (കോൺഗ്രസ്)- 55,947.
ബിജു മാത്യു (ബി.ജെ.പി)- 29,099.
ഭൂരിപക്ഷം(എൽ.ഡി.എഫ്)- 19,003
(2016 നിയമസഭ എൽ.ഡി.എഫ് ഭൂരിപക്ഷം 7,646)
റാന്നി
പ്രമോദ് നാരാണൻ (കേരള കോൺഗ്രസ്- എം) -52,669.
റിങ്കു ചെറിയാൻ (കോൺഗ്രസ്) - 51,384.
ബി.ഡി.ജെ.എസ് - 19,587.
ഭൂരിപക്ഷം (എൽ.ഡി.എഫ്)- 1285.
(2016 നിയമസഭ എൽ.ഡി.എഫ് ഭൂരിപക്ഷം- 14596)
തിരുവല്ല: മാത്യു ടി. തോമസ് (ജനതാദൾ- എസ്) - 62,178
കുഞ്ഞുകോശി പോൾ (കേരള കോൺഗ്രസ് ) - 50,757.
അശോകൻ കുളനട (ബി.ജെ.പി) - 22,674.
ഭൂരിപക്ഷം (എൽ.ഡി.എഫ്)- 11,421.
(2016 നിയമസഭ എൽ.ഡി.എഫ് ഭൂരിപക്ഷം- 8,262)
കോട്ടയം ജില്ല
കാഞ്ഞിരപ്പള്ളി
ഡോ.എൻ. ജയരാജ് (കേരള കോൺഗ്രസ് -എം.) - 60299.
ജോസഫ് വാഴയ്ക്കൻ (കോൺഗ്രസ്)-46,596.
അൽഫോൺസ് കണ്ണന്താനം (ബി.ജെ.പി) - 29,157.
ഭൂരിപക്ഷം (എൽ.ഡി.എഫ്) -13,703.
(2016 നിയമസഭ യു.ഡി.എഫ് ഭൂരിപക്ഷം- 3,890)
പൂഞ്ഞാർ
സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ് - എം)- 58,668.
പി.സി. ജോർജ് (കേരള ജനപക്ഷം സെക്കുലർ) - 41851.
ടോമി കല്ലാനി (കോൺഗ്രസ് )- 34,633.
ഭൂരിപക്ഷം (എൽ.ഡി.എഫ്) -16,817
(2016 നിയമസഭ (ജനപക്ഷം) ഭൂരിപക്ഷം- 27,821)
2019ൽ പോളിങ് ശതമാനം 70 കടന്നു
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവുമാണ് രേഖപ്പെടുത്തിയത്. മണ്ഡല ചരിത്രത്തില്‍ ആദ്യമായി 70 ശതമാനം വോട്ടിംഗ് കടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13,78,587 പേരില്‍ 10,22,763 പേരാണ് വോട്ട് ചെയ്തത്. 74.19 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.
പോളിംഗ് ശതമാനം കൂടുതല്‍ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമായിരുന്നു.
- കാഞ്ഞിരപ്പള്ളി- 77.96.
- റാന്നി- 70.63.
- പൂഞ്ഞാർ- 77.27.
- അടൂര്‍- 76.71.
- ആറന്മുള- 72.
- തിരുവല്ല- 71.43.
- കോന്നി 74.24.
- ജില്ലയില്‍ ശതമാനത്തില്‍ മുന്നില്‍ അടൂരും ഏറ്റവും അധികം പേര് വോട്ട് ചെയ്ത മണ്ഡലം ആറന്മുളയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.