പന്തളം നഗരസഭയിലെ ഫയലുകൾ നഷ്ടപ്പെടൽ; ആരോപണവുമായി കൗൺസിലർമാർ
text_fieldsപന്തളം: നഗരസഭയിലെ സുപ്രധാന ഫയലുകൾ കാണാതായതിന് ഇടയായ നഗരസഭ കാര്യാലയത്തിലെ എസ്റ്റാബ്ലിഷ്മെന്റ് സീറ്റുകളുടെ മാറ്റം മുനിസിപ്പൽ ആക്ടിലെ വ്യവസ്ഥകൾക്ക് എതിരാണെന്ന് ഭരണപക്ഷമായ ബി.ജെ.പി കൗൺസിലർമാർ.
ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ 33 കൗൺസിലർമാരുടെ അവകാശങ്ങളുടെയും അധികാരങ്ങളുടെയും മേലുള്ള കടന്നുകയറ്റം ആണെന്നും കൗൺസിലർമാരായ കെ.വി. പ്രഭയും ജെ. കോമളവല്ലിയും ആരോപിച്ചു.
ചട്ടം 229 ബിയിൽ പറയുന്ന ഉദ്യോഗസ്ഥരുടെ സ്റ്റാറ്റ്യൂട്ടറി ചുമതല നിർവഹിക്കലിന്റെ നഗ്നമായ ലംഘനമാണ് നഗരസഭയിൽ നടന്നത്. നഗരസഭ കൗൺസിൽ തീരുമാനമില്ലാതെയും ഉദ്യോഗസ്ഥരുടെ സ്റ്റാഫ് മീറ്റിങ് കൂടാതെയുമാണ് വിവിധ കോടതികളിലായി നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ, വിവിധ പദ്ധതികളുടെ ഫയലുകൾ, അനധികൃത നിർമാണ ഫയലുകൾ തുടങ്ങിയവയും സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥന്റെ അഭാവത്തിൽ താൽക്കാലിക ജീവനക്കാർ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം എടുത്തുമാറ്റിയത്. അതിന് പിന്നാലെയാണ് പല പ്രധാന ഫയലുകളും നഗരസഭയിൽ ഇപ്പോൾ കാണാനില്ലാത്തത്.
നഗരസഭയുടെ ഫയലുകൾ കാണാനില്ലെന്ന് നഗരസഭ കമ്മിറ്റിയിൽ വാദപ്രതിവാദങ്ങൾ നടന്നിട്ടും ഉദ്യോഗസ്ഥർക്കോ ഭരണസമിതിക്കോ കാര്യമായ പ്രതികരണം ഇല്ലെന്നും കൗൺസിലർമാർ ആരോപിച്ചു. ഫയലുകൾ നഷ്ടപ്പെട്ടതിന് കേസെടുത്ത് സമഗ്രമായ വിജിലൻസ് അന്വേക്ഷണം നടത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
സ്റ്റാറ്റ്യൂട്ടറി ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഫയലുകൾ അവരുടെ അസാന്നിധ്യത്തിൽ മാറ്റിയതോടെ നഷ്ടപ്പെട്ടതിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നൽകി. ഇതിൻ പ്രകാരം സംഭവത്തിൽ നഗരസഭ സെകട്ടറി എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്നും അവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.