അച്ചൻകോവിലാറും, കല്ലാറും വറ്റിവരണ്ടു; കോന്നിയിൽ ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടം
text_fieldsകോന്നി: അച്ചൻകോവിലാറും, കല്ലാറും വറ്റിവരണ്ടതോടെ മലയോര നാടായ കോന്നി കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. അവസരം മുതലാക്കി കുടിവെള്ള വിതരണ വാഹനങ്ങളും സജീവമായി. തണ്ണിത്തോടിന്റെ വിവിധ പ്രദേശങ്ങളും കൊക്കാത്തോട് പ്രദേശവും ഏല്ലാം ശുദ്ധജല ക്ഷാമത്താൽ വലയുകയാണ്. അച്ചൻകോവിൽ, കല്ലാർ നദികളെ ആണ് കോന്നിയിലെ ജനങ്ങൾ കുടിവെള്ളത്തിനായും മറ്റും ആശ്രയിക്കുന്നത്. മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളും ഈ നദികളെ ആശ്രയിച്ചാണ്.
എന്നാൽ, രൂക്ഷമായ വരൾച്ചയിൽ കല്ലാറും അച്ചൻകോവിലാറും വറ്റി. ശുദ്ധജല പദ്ധതികൾക്ക് ടാങ്കിൽ വെള്ളം നിറക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. തണ്ണിത്തോട് പഞ്ചായത്തിൽ തേക്കുതോട് സ്ഥാപിച്ചിരിക്കുന്ന ശുദ്ധജല പദ്ധതിയിലും കോന്നി താഴം ശുദ്ധജല പദ്ധതിയിലും പ്രമാടം ഗ്രാമ പഞ്ചായത്ത് പദ്ധതിയിലും മാളാപ്പാറ പദ്ധതിയിലും എല്ലാം വെള്ളം പമ്പ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കറുകളിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിച്ച് കൊടുക്കുമായിരുന്നു എങ്കിലും ഈ പല സ്ഥലങ്ങളിലും ഈ സംവിധാനവും ഇല്ല.
കൊക്കാത്തോട് പോലെയുള്ള പ്രദേശങ്ങളിൽ തോടുകൾ കുഴിച്ചാണ് ആളുകൾ വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലത്തിനായി കിലോമീറ്ററുകൾ കാൽ നടയായി നടന്ന് തലച്ചുമടായി വെള്ളം എത്തിക്കുന്ന പ്രദേശങ്ങളും ഉണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളിൽ വലിയ വില കൊടുത്ത് വെള്ളം ടാങ്കറുകളിൽ എത്തിക്കുന്ന രീതിയും ഉണ്ട്. ഇതിന് മാസം വലിയ ഒരു തുക തന്നെ ഇവർക്ക് ചെലവാകുന്നുണ്ട്.
കൂടാതെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകൾ അടിക്കടി പൊട്ടുന്നതും കുടിവെള്ള വിതരണ സംവിധാനത്തെ സാരമായി ബാധിക്കുന്നുണ്ട്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ രൂക്ഷമായ ശുദ്ധജല ദൗർലഭ്യം ആകും നാട് നേരിടാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.