മഹാത്മാ പുരസ്കാരം: പത്തനംതിട്ട ജില്ലയിൽ ഒന്നാംസ്ഥാനം മൈലപ്ര പഞ്ചായത്തിന്
text_fieldsപത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിനുള്ള മഹാത്മാ പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം മൈലപ്ര പഞ്ചായത്തിന്. രണ്ടാം സ്ഥാനം കൊടുമൺ പഞ്ചായത്തും നേടി. മൈലപ്ര പഞ്ചായത്തിന് 39 മാർക്കും കൊടുമൺ പഞ്ചായത്തിന് 28 മാർക്കുമാണ് ലഭിച്ചത്. കഴിഞ്ഞവർഷം സംസ്ഥാന തലത്തിലും ജില്ല തലത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു മൈലപ്ര. പതിന്നാലിന കാര്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ലഭിച്ചത്.
കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള, സോക്പിറ്റ് , കമ്പോസ്റ്റ് പിറ്റ് എന്നിവയുടെ നിർമാണമാണ് മൈലപ്ര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രധാന ജോലികൾ. എസ്.സി, എസ്.ടി കുടുംബങ്ങൾക്ക് ജോലിനൽകുന്നതും വേതനം കൃത്യമായി നൽകുന്നതും നേട്ടമായി.
കൊടുമൺ ജില്ലയിൽ രണ്ടാമത്
കൊടുമൺ: കൃഷി, ജലസേചനം, മണ്ണു സംരക്ഷണം, നീർത്തട സംരക്ഷണം, കുളങ്ങളുടെ നിർമാണം , പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ വികസന പദ്ധതികൾ നടപ്പാക്കിയാണ് കൊടുമൺ പഞ്ചായത്ത് ജില്ലയിൽ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള ബഹുമതി കരസ്ഥമാക്കിയത്.
പഞ്ചായത്തിലെ ചെറുതും വലുതുമായ തോടുകളിൽ വർഷകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചളിയും മാറ്റി ആഴവും വീതിയും കൂട്ടി നീരൊഴുക്ക് സുഗമമാക്കിയത് നെൽകൃഷി വികസനത്തോടൊപ്പം വെള്ളപ്പൊക്കം തടയാനും സഹായകരമായി. വെള്ളം ശേഖരിക്കാൻ കഴിയുന്ന തരത്തിൽ വയലുകളിലും പുരയിടങ്ങളിലും പുതിയ കുളങ്ങൾ നിർമിച്ചു. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡുകളിലും തെങ്ങിൻ തൈ ഉൽപാദിപ്പിക്കാൻ നഴ്സറികൾ തയാറാക്കി.
പുരസ്കാരം പ്രസിഡന്റിന്
നൊമ്പരത്തോടെയാണ് മൈലപ്ര പഞ്ചായത്ത് ഉദ്യോഗസ്ഥരും തൊഴിലുറപ്പ് ജീവനക്കാരും മഹാത്മാ പുരസ്കാരത്തെ സ്വീകരിക്കുന്നത്.കഴിഞ്ഞവർഷം സംസ്ഥാനതല പുരസ്കാരം ലഭിച്ചപ്പോൾ അവരോടൊപ്പം പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിലും ഉണ്ടായിരുന്നു. ഇത്തവണ ആ സന്തോഷത്തിൽ പങ്കുചേരാൻ പ്രസിഡന്റില്ലാത്തത് വലിയൊരു നഷ്ടമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പുരസ്കാരം ഞങ്ങളുടെ പ്രസിഡന്റിന് സമർപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
എല്ലാ കാര്യത്തിലും ഉത്സാഹത്തോടെ ജീവനക്കാരോടൊപ്പം നിന്നിരുന്ന പ്രസിഡന്റ് ഒരു വഴികാട്ടി കൂടിയായിരുന്നുവെന്ന് എൻ.ആർ.ഇ.ജി അക്രഡിറ്റ് എൻജിനീയർ പി. സജി പറഞ്ഞു. പ്രതീക്ഷിക്കാതെയായിരുന്നു പ്രസിഡന്റിന്റെ വിയോഗം. ഇത്തവണ അവാർഡ് വാങ്ങണമെന്നും എല്ലാവരും ഒരുമിച്ച് പുരസ്കാരം വാങ്ങാൻ പോകണമെന്നും പ്രസിഡന്റ് ആഗ്രഹിച്ചിരുന്നുവെന്നും സഹപ്രവർത്തകർ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.