തൊഴിലുറപ്പ് പദ്ധതി മഹാത്മ പുരസ്കാരം; ഒന്നാം സ്ഥാനത്ത് മൈലപ്രയും കൊടുമണ്ണും
text_fieldsപത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവിന് മഹാത്മ പുരസ്കാരം മൈലപ്ര, കൊടുമൺ, ഓമല്ലൂർ ഗ്രാമപഞ്ചായത്തുകൾക്ക്. മൈലപ്ര, കൊടുമുൺ ഒന്നാമതെത്തിയപ്പോൾ, ഓമല്ലൂർ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.
തുടർച്ചയായ മൂന്നാം വർഷമാണ് മൈലപ്ര പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടുന്നത്. എം.ജി.എൻ.ആർ.ഇ 2022- 23 സാമ്പത്തിക വർഷം തൊഴിലിന് അപേക്ഷിച്ച 100 ശതമാനം തൊഴിലാളികൾക്കും തൊഴിൽ നൽകി 78 .7 ശരാശരിതൊഴിൽ ദിനങ്ങൾ നൽകി.രജനി ജോസഫ് പ്രസിഡന്റും മാത്യു വർഗീസ് വൈസ് പ്രസിഡന്റുമാണ്.
കൊടുമൺ പഞ്ചായത്തിൽ 2610 സജീവ തൊഴിലാളികൾ പദ്ധതിയിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചു. 1110 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. ആകെ ചെലവഴിച്ച തുക 6.5 കോടി രൂപയാണ്. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ സാധിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ കംപോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവ നൽകി. വർക്ക് ഷെഡ്, റോഡ് കോൺക്രീറ്റ് തുടങ്ങിയ മെറ്റീരിയൽ പ്രവൃത്തികളും ഏറ്റെടുത്തു. 1,54,912 തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു.കെ.കെ. ശ്രീധരൻ പ്രസിഡന്റും ധന്യദേവി വൈസ് പ്രസിഡന്റുമാണ്.
രണ്ടാം സ്ഥാനം ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 2022-23 വർഷത്തെ പുരസ്കാരമാണ് ലഭിച്ചത്. 2022-23 സാമ്പത്തിക വർഷം 38,054 തൊഴിൽദിനം സൃഷ്ടിച്ചു. 54.67 ലക്ഷം രൂപയുടെ മെറ്റീരിയൽ പ്രവൃത്തികൾ നടപ്പാക്കി. 119.42 ലക്ഷം രൂപ തൊഴിലാളികൾക്ക് വേതനം ഇനത്തിൽ ലഭിച്ചു. 6000 തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. കോളനികളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 16 കിണർ നിർമിച്ചു. ഇവക്കു പുറമെ രണ്ട് പൊതു കിണറും ഒരു പൊതുകുളവും നിർമിച്ചു.
ജോൺസൺ വിളവിനാൽ പ്രസിഡന്റും സ്മിത സുരേഷ് വൈസ് പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.