'ഗാന്ധിജി' സ്റ്റാമ്പുകളുടെ കൂമ്പാരവുമായി കെ.കെ. മാത്യു
text_fields പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ അപൂർവ സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവയുടെ ശേഖരണവുമായി ഏഴംകുളം സ്വദേശി കെ.കെ. മാത്യു. ഏകദേശം 140 രാജ്യങ്ങൾ ഇതുവരെ മഹാത്മാഗാന്ധിയുടെ സ്മരാണാർഥം ഇറക്കിയിട്ടുള്ള ഒട്ടുമിക്ക തപാൽ സ്റ്റാമ്പുകളും ഇദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് 2018മുതൽ വിവിധ ലോകരാഷ്ട്രങ്ങൾ ഇറക്കിയ എല്ലാ സ്റ്റാമ്പുകളും ഇതിൽ ഉൾപ്പെടും. മലേഷ്യ ഇറക്കിയ സ്വരോവസ്കി ക്രിസ്റ്റൽ പതിച്ച സ്റ്റാമ്പുകൾ ഗിനി ഇറക്കിയ തടിയിൽ തീർത്ത സ്റ്റാമ്പ് , മാലിദീപ് ഇറക്കിയ സിൽക്കിൽ തീർത്ത സ്റ്റാമ്പ് തുടങ്ങിയവ പ്രത്യേകതയാണ്.
ഇന്ത്യയാണ് ആദ്യമായി ഗാന്ധിസ്മാരക സ്റ്റാമ്പുകൾ 1948ൽ പുറത്തിറക്കിയത്. അമേരിക്കയാണ് ആദ്യമായി 1961 ജനുവരി 26ന് ഗാന്ധിജിയുടെ സ്മരണാർഥം സ്റ്റാമ്പ് ഇറക്കുന്ന ആദ്യ വിദേശരാജ്യം. ഇവ എല്ലാം ഇദ്ദേഹത്തിെൻറ േശഖരത്തിലുണ്ട്. 1969ൽ ഗാന്ധിജിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങൾ, ഇന്ത്യ ഇറക്കിയ 100, 10, 5 , 2, ഒരു രൂപ നോട്ടുകൾ, 10 രൂപ, 50 പൈസ, 20 പൈസ നാണയങ്ങൾ, ഗാന്ധിജിയുടെ ചിത്രത്തോടുകൂടി ഇന്ത്യ ആദ്യമായി ഇറക്കിയ 500 രൂപ നോട്ടുകൾ , ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിച്ച് ഇറക്കിയ സ്മാരക നാണയങ്ങൾ ഇവയും ശേഖരത്തിലുണ്ട്.
മാൾട്ട 2005ൽ ഇറക്കിയ 5000 ലിറയുടെ ഒരു കിലോ തൂക്കം വരുന്ന വെള്ളിപൂശിയ ഫാൻറസി കോയിൻ ശേഖരത്തിലെ പ്രത്യേകതയാണ്. സ്റ്റാമ്പിനൊപ്പം അവ പുറത്തിറക്കിയ രാജ്യം, ചരിത്രം, മൂല്യം, വർഷം തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ച മാത്യു തെൻറ ഒഴിവുസമയങ്ങൾ സ്റ്റാമ്പ് ശേഖരണത്തിനായാണ് വിനിയോഗിക്കുന്നത്.
ജില്ലതലത്തിലും സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ സ്റ്റാമ്പുകളുടെ പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ടായിരുന്നു. പത്തനംതിട്ട ജില്ല ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.