മഹാത്മ ജനസേവന കേന്ദ്രത്തിലെ യുവതികൾക്ക് സ്വയംവരം 13ന്
text_fieldsപത്തനംതിട്ട: അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വളർന്ന യുവതികളുടെ സ്വയംവരം 13ന് ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടക്കും. മഹാത്മയുടെ കരുതലിൽ നാനൂറോളം വയോജനങ്ങളുടെയും അഗതികളുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വളർന്ന സാന്ദ്രയും അശ്വതിയുമാണ് വിവാഹിതരാകുന്നത്. കടമ്മനിട്ട സ്വദേശി ഷീനയുടെ മകൾ സാന്ദ്ര വിനോദ്, വൈക്കം സ്വദേശിനി ഗിരിജയുടെ മകൾ ബി. അശ്വതിയുമാണ് വിവാഹിതരാകുന്നത്. സാന്ദ്ര കൊടുമൺ കൊച്ചുതുണ്ടിൽ വീട്ടിൽ മോനി ഫിലിപ്-ജെസി ദമ്പതികളുടെ മകൻ അൻസു മോനിയെയും അശ്വതി കൊല്ലം, കുണ്ടറ പടപ്പക്കര നെല്ലിമുക്കം ലക്ഷം വീട്ടിൽ ക്രിസ്റ്റി -ജാൻസി ദമ്പതികളുടെ മകൻ ബിനുവിനെയുമാണ് വിവാഹം ചെയ്യുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി വീണ ജോർജ്, ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ്കുമാർ എം.എൽ.എ, നടൻ നാദിർഷ, നടി സീമ ജി. നായർ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ഋതംഭരാനന്ദ, ഏഴംകുളം ഇമാം അൽ ഹാഫിസ് യൂസഫ് അൽ കൗസരി അൽ ഖാസിമി, പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവൽ ഉടയാൻമുറ്റം അമ്പലത്തിന് സമീപമുള്ള 18 സെന്റ് സ്ഥലത്തിൽ എട്ട് സെന്റും അതിൽ നിർമിച്ച വീടും സാന്ദ്രക്കും ബാക്കി വരുന്ന 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹ സമ്മാനമായി എഴുതി പ്രമാണം വേദിയിൽ കൈമാറും.
കൂടാതെ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകരുടെ കരുതൽ നിധിയിൽനിന്ന് രണ്ടുപേർക്കും അഞ്ച് പവൻ വീതമുള്ള സ്വർണാഭരണങ്ങളും സമ്മാനമായി നൽകും. കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുടെ വകയാണ് വസ്ത്രങ്ങളും ഭക്ഷണവും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, വാർഡ് അംഗം അജികുമാർ രണ്ടാം കുറ്റി, മഹാത്മ ജനസേവന കേന്ദ്രം ഡയറക്ടർ രാജേഷ് തിരുവല്ല, പഞ്ചായത്ത് അംഗം എ. വിജയൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.