ഷൂട്ടിങ് റേഞ്ചിന് റെഡിയായി മാലക്കര
text_fieldsപത്തനംതിട്ട: ജില്ല റൈഫിള്‍ അസോസിയേഷന് നിര്‍മ്മിക്കുന്ന ജില്ലയിലെ പ്രഥമ ഷൂട്ടിംഗ് റേഞ്ചിന്റെ ശിലാസ്ഥാപനം ആറന്മുളക്കടുത്ത് മാലക്കരയിൽ ശനിയാഴ്ച വൈകിട്ട് 3.30ന് മന്ത്രി സജി ചെറിയാന് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
റൈഫിള്‍ ക്ലബ്ബ് ഹൗസ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ഇതിനോടൊപ്പം ടെന്നീസ്, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും നീന്തല്‍ കുളങ്ങളും ഒരുക്കുന്നുണ്ട്. ഒളിമ്പിക് കായിക ഇനമായ ഷൂട്ടിംഗിലേക്ക് പുതു തലമുറയെ ആകര്‍ഷിക്കുകയും ഷൂട്ടിംഗ് ജനകീയമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മത്സരത്തിനും പരിശീലനത്തിനും പ്രത്യേകം ഷൂട്ടിംഗ് റേഞ്ചുകള്‍ ഉണ്ടാകും.
കായിക താരങ്ങള്‍, കോച്ച്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള താമസ - വിശ്രമ കേന്ദ്രങ്ങളും കോംപ്ലക്സിലുണ്ട്. പ്രത്യേക അതിഥി മന്ദിരങ്ങളും സജ്ജീകരിക്കും. അതിവിശാലമായ ജലാശയമായിരിക്കും ഷൂട്ടിംഗ് കോംപ്ലക്സിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രം. ആഴമുള്ള ജലാശയമായതിനാല്‍ സ്കൂബ ഡൈവിംഗ്, കയാക്കിംഗ് എന്നിവക്കും സൗകര്യം ഏര്‍പ്പെടുത്തും. അവധിക്കാല ഷൂട്ടിംഗ് ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്.
ശിലാസ്ഥാപന ചടങ്ങില്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സംസ്ഥാന കായിക ഡയറക്ടര്‍ പ്രേം കൃഷ്ണന്.എസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഷൂട്ടിംഗ് കോച്ച് സണ്ണി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
വാർത്താ സമ്മേളനത്തില്‍ ജില്ലാ റൈഫിള്‍ അസോസിയേഷന് സെക്രട്ടറി കെ.എസ് ജഗന് മോഹന്‍, വൈസ് പ്രസിഡന്റ് റോയ് മാത്യു, വൈസ് ചെയര്മാന് ജോര്‍ജ്ജ് ബി. വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.