മലമ്പണ്ടാര കുടുംബങ്ങൾക്ക് ഭൗതികസൗകര്യങ്ങൾ ഉറപ്പാക്കണം –മനുഷ്യാവകാശ കമീഷൻ
text_fieldsപത്തനംതിട്ട: മലമ്പണ്ടാര കുടുംബങ്ങൾക്ക് ജീവിതപരിസരം കണ്ടറിഞ്ഞ് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇക്കാര്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു.
ആദിവാസി-മലമ്പണ്ടാര വിഭാഗങ്ങളുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയശേഷം കമീഷൻ അംഗം വി.കെ. ബീനാകുമാരി പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
മൂഴിയാർ, പെരിനാട്, സീതത്തോട്, ശബരിഗിരി, പ്ലാപ്പള്ളി പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കമീഷൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. മലമ്പണ്ടാര വിഭാഗങ്ങളുടെ ജീവിതനിലവാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ നേരത്തേ സർക്കാറിന് ഉത്തരവ് നൽകിയിരുന്നു.
വിദ്യാഭ്യാസമുള്ളവർക്ക് ജോലിക്ക് അവസരം ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇവർക്ക് അവരുടെ താൽപര്യത്തിനനുസരിച്ചുള്ള വീടുകൾ നിർമിച്ചുനൽകണം. ഭൗതികസാഹചര്യങ്ങൾ ഒരുക്കുമ്പോൾ ആവശ്യക്കാരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകണം. അർഹമായ പരിഗണന നൽകി ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടിലുകൾ സന്ദർശിച്ച് മരുന്നും ചികിത്സയും ലഭ്യമാക്കണം. ഇക്കാര്യം പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസർ നേതൃത്വം നൽകണം.
ഡി.എം.ഒ ഡോ. ഷീജ എ.എൽ, ട്രൈബൽ ഡവലപ്മെൻറ് ഓഫിസർ എസ്.എസ്. സുധീര, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ജോജി ജെയിംസ്, കെ.എസ്. മനോജ്, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസർ സി. അജി, കോഴഞ്ചേരി തഹസിൽദാർ കെ. ഓമനക്കുട്ടൻ, ജില്ല വിദ്യാഭ്യാസ ഓഫിസർ, എം.എസ്. രേണുക ഭായ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ എ. മണികണ്ഠൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന കാര്യങ്ങൾ തുടർച്ചയായി അവലോകനം ചെയ്യുമെന്ന് കമീഷൻ അറിയിച്ചു. ചിറ്റാർ സ്വദേശി ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.