ആറിനഴകായി ‘പച്ചത്തുരുത്ത്’ പദ്ധതി ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
text_fieldsമല്ലപ്പള്ളി: കല്ലൂപ്പാറ അഗ്രികൾചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത്, തിരുവല്ല മാർത്തോമ കോളജ് സസ്യശാസ്ത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെ കറുത്തവടശ്ശേരികടവ് പാലത്തിനു സമീപം പച്ചത്തുരുത്ത് നിർമിക്കുന്നു. മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തെ അതിജീവിച്ച് വളരാൻ ശേഷിയുള്ളയിനം മരങ്ങൾ നട്ട് സംരക്ഷണം ഉറപ്പാക്കിയാണ് പച്ചത്തുരുത്ത് തീർക്കുക.
പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10ന് ആന്റോ ആന്റണി എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ അധ്യക്ഷത വഹിക്കും.
കറുത്തവടശ്ശേരികടവ് പാലത്തിനുസമീപം റോഡിനും ആറിനും ഇടയിലുള്ള പത്തു സെന്റിലധികം സ്ഥലമാണ് പച്ചത്തുരുത്തായി മാറ്റുക. വെള്ളം കയറിയാൽ പെട്ടെന്ന് നശിപ്പിച്ചു പോകാത്ത കരിങ്ങോട്ട, തമ്പകം, നീർമരുത്, നീർമാതളം, നീർ ചാമ്പ, വെമ്പാല, ആറ്റു വഞ്ചി, മരുത്, പുന്ന, മലമ്പുന്ന, മണിമരുത്, പപ്പടമരം, കടമ്പ്, കരിന്തകര, ഞാവൽ, കുളമാവ്, വെള്ളപയിൻ, മരോട്ടി തുടങ്ങിയ മരങ്ങളുടെ തൈകളാണ് നടുന്നത്. തിരുവല്ല മാർത്തോമ കോളജ് സസ്യശാസ്ത്രവിഭാഗത്തിന്റെയും വൃക്ഷചികിത്സാ വിദഗ്ധൻ കെ. ബിനുവിന്റെ യും നിർദേശ പ്രകാരമാണ് വൃക്ഷങ്ങൾ തിരഞ്ഞെടുത്തത്.
വനംവകുപ്പിൽ നിന്നാണ് ഏറിയ പങ്കും തൈകൾ സംഘടിപ്പിച്ചത്. ആറ്റുതീരം, കാവുകൾക്ക് സമീപമുള്ള ചതുപ്പുനിലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും തൈകൾ ശേഖരിച്ചു.രണ്ടിന് ജനപ്രതിനിധികൾ, മാർത്തോമ കോളേജ് സസ്യശാസ്ത്ര വിഭാഗം അധ്യപക, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങി നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ഉദ്യമത്തിൽ പങ്കാളികളാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.