സ്വപ്നം പൂവണിഞ്ഞു വളർച്ചയുടെ കൊടുമുടിയിൽ അന്നപൂർണ
text_fieldsമല്ലപ്പള്ളി: കല്ലൂപ്പാറ കല്ലൂർക്കരയിൽ മൂന്നുവർഷം മുമ്പ് ആരംഭിച്ച അന്നപൂർണ ഫ്ലവർ മിൽസ് ആൻഡ്ഫുഡ് പ്രോഡക്റ്റ്സ് എന്ന സ്ഥാപനം വളർച്ചയുടെ കൊടുമുടിയിലെത്തി. ഒരു പ്രവാസിയുടെ നീണ്ട കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. കല്ലൂപ്പാറ മഞ്ചാടിയിൽ വീട്ടിൽ ബിനുവും ഭർത്താവ് വിനോദുമാണ് ഇതിന്റെ അമരക്കാർ. 2021 ഏപ്രിൽ സ്ഥാപനം തുടങ്ങുമ്പോൾ ഇവിടെ ഇങ്ങനെയൊരു സ്ഥാപനം വിജയിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ് പലരും തടഞ്ഞു.
22വർഷം ഗൾഫിൽ അധ്വാനിച്ച് ഉണ്ടാക്കിയ 20 ലക്ഷത്തോളം രൂപ ചെലവാക്കിത്തുടങ്ങി. മൂന്നുവർഷം കഴിഞ്ഞപ്പോൾ ഇന്ന് അന്നപൂർണ ഫുഡ് പ്രോഡക്റ്റ്സ് തിരക്കിവരുന്നവർ ഏറെയാണ്. എല്ലാ ധാന്യങ്ങളും കഴുകി ഉണക്കിപ്പൊടിച്ച് നൽകും. മുളക്, മല്ലി, മസാല, സാമ്പാർ പൊടികൾ, കാപ്പിപ്പൊടി, ചമ്മന്തിപ്പൊടി, ശുദ്ധമായ വെളിച്ചെണ്ണ, വിവിധയിനം ചിപ്സുകൾ, എന്നിവയെല്ലാം ഇവിടെനിന്ന് വിവിധ സ്ഥലങ്ങിലേക്ക് പോകുന്നുണ്ട്. ഫ്രൂട്സും ഉണക്കി നൽകും.
ചക്ക കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉണക്കിനൽകുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. പഞ്ചാബിൽനിന്ന് ഗോതമ്പ് വരുത്തി പൊടിച്ച് നൽകുന്നുണ്ട്. നാടൻ മഞ്ഞൾ കർഷകരിൽനിന്ന് വാങ്ങി പുഴുങ്ങിയുണങ്ങി പൊടിച്ച് നൽകുന്നതിനാൽ ഗൾഫിലേക്കും മറ്റും കൊണ്ടുപോകാനായി വാങ്ങാൻ എത്തുന്നവർ ഏറെയാണ്. ചക്കയുടെ വിവിധ ഉൽപന്നങ്ങൾ മേളകളിൽ വിൽപനക്ക് കൊണ്ടുപോയാൽ ആവശ്യക്കാർ ഏറെയാണ്. മിക്കപ്പോഴും തികയാറില്ലെന്ന് ബിനു പറയുന്നു. കുടുംബശ്രീ വഴി കൂടുതൽ വിൽപന മേളകൾ ലഭിക്കുന്നത് ആശ്വാസം തന്നെയാണെന്നും ഇതുവഴി കൂടുതൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ കഴിയുമെന്നും ഗുണഭോക്താക്കൾ വിശ്വാസത്തിൽ എടുത്തതുകൊണ്ട് ദൂരെ സ്ഥലങ്ങളിൽനിന്ന് തിരക്കിവരുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായും പറയുന്നു.
കുടുംബശ്രീ സരസ് മേളകളിൽ സജീവ സാന്നിധ്യമാണ് അന്നപൂർണ ഉൽപന്നങ്ങൾ. ഇപ്പോൾ പത്തനംതിട്ടയിൽ നടക്കുണ എന്റെ കേരളം പ്രദർശന മേളയിലും സ്റ്റാൾ തുറന്നിട്ടുണ്ട്. വ്യവസായ വകുപ്പിന്റെയും മറ്റും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ബിനുവും വിനോദിനും സഹായവുമായി മക്കളായ ആര്യയും അമൃതയും എപ്പോഴും കൂടെയുണ്ടാകും. പ്ലസ് ടു വിദ്യാർഥിയായ ആര്യയാണ് ബിനുവിനൊപ്പം കുടുംബശ്രീ മേളകളിൽ സജീവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.