അപകട സാധ്യതയുള്ള കടവുകളിൽ സൂചന ബോർഡ് സ്ഥാപിക്കണം -താലൂക്ക് വികസന സമിതി
text_fieldsമല്ലപ്പള്ളി: മണിമലയാറ്റിൽ സ്ഥിരമായി അപകടം നടക്കുന്ന കടവുകളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കല്ലൂപ്പാറ കടമാൻകുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഓർത്തോ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടറെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചതിനാൽ നിലവിൽ കല്ലൂപ്പാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നും അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പണി പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് കാലതാമസം നേരിടുന്ന വിവരം കലക്ടറുടെ ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു. മല്ലപ്പള്ളി-വെണ്ണിക്കുളം സെന്റ് ബഹനാൻസ് ജങ്ഷനിൽ വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ആനിക്കാട്-നെടുംകുന്നം കാവനാൽ കടവ് റോഡിന്റെ പണികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസാരിച്ചവർ ആവശ്യപ്പെട്ടു.
ജോസഫ് ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനിത് കുമാർ, കല്ലൂപ്പാറ പഞ്ചായത്തംഗം റെജി ചാക്കോ, ഭൂരേഖ തഹസിൽദാർ പി.ഡി. സുരേഷ്കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹബീബ് റാവുത്തർ, കെ.എം.എം. സലിം, ഷെറി തോമസ്, എസ്. മുരളീധരൻ നായർ, ബാബു പാലയ്ക്കൽ, സിറാജ് ചുങ്കപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.