കെ.എസ്.ഇ.ബി വായ്പ്പൂര് ഓഫിസിലെ ആക്രമണം: ഓവർസിയറെ മർദിച്ചവർ ഒളിവിൽ
text_fieldsമല്ലപ്പള്ളി: വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതിൽ ഓവർസിയറെ ഓഫിസിൽ കയറി മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ. കെ.എസ്.ഇ.ബി വായ്പൂര് സെക്ഷൻ ഓഫിസിലെ ഓവർസിയർ തിരുവനന്തപുരം വേങ്ങാനൂർ കുഴിയം വിളയിൽ വീട്ടിൽ വിൻസൻറ് രാജിനാണ് (45) മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ സെക്ഷൻ ഓഫിസിലെത്തിയ നാലംഗ സംഘമാണ് ഓവർസിയറെ മർദിച്ചത്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇത് ചോദ്യം ചെയ്യാൻ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയറെ അസഭ്യം പറയുകയും വാക്തർക്കവും ഉണ്ടായി.
ഇതിനിടയിൽ സംഘത്തിൽ ഒരാൾ ഓവർസിയറുടെ മുഖത്തടിക്കുകയായിരുന്നു. മർദനമേറ്റ ഓവർസിയർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിലാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ 11 കെ.വി ലൈനിൽ മരം വീഴുകയും കമ്പികൾ പൊട്ടുകയും പത്തിലിധികം പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തതിനാൽ മിക്കസ്ഥലങ്ങളിലും ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞത്.
അക്രമിസംഘം മദ്യലഹരിയിലായിരുന്നതായും പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് എഴുമറ്റൂർ സ്വദേശികളായ നാലുപേർക്കെതിരെ പെരുമ്പെട്ടി പൊലീസ് ജാമ്യമില്ല വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ മർദിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമായി.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സംയുക്ത യൂനിയനുകളുടെ നേതൃത്വത്തിൽ വായ്പൂരിൽ പ്രതിഷേധ റാലിയും യോഗവും ചേർന്നു. സി.ഐ.ടി.യു ഏരിയ ജോയൻറ് സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. എ.എൻ. മധു അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, എസ്. പ്രകാശ്, ബൈജു, ബാബുരാജ്, ജയകുമാർ, ജയപ്രകാശ്, ജിഷു പീറ്റർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച പണിമുടക്കിയും പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് അനാസ്ഥ തുടർന്നാൽ വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സംയുക്ത യൂനിയനുകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.