യുവതിയെ കാറിൽ കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ
text_fieldsമല്ലപ്പള്ളി: യുവതിയെ ബലംപ്രയോഗിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയെയും കീഴ്വായ്പ്പൂർ പൊലീസ് പിടികൂടി. അടൂർ നെല്ലിമുകൾ മധു മന്ദിരം വീട്ടിൽ നിന്നും പന്തളം കുരമ്പാല പറന്തലിൽ താമസിക്കുന്ന വി.എസ്. ആരാധനയാണ് (32) അറസ്റ്റിലായത്.
കുരമ്പാലയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. കല്ലൂപ്പാറ കടമാൻകുളം ഗവ. ഹെൽത്ത് സെന്ററിന് സമീപം നടന്നുപോവുകയായിരുന്ന കടമാൻകുളം പുതുശ്ശേരി പുറത്ത് നിസ്സി മോഹനനെ (27) ജൂൺ ആറിന് വൈകുന്നേരമാണ് മൂന്നംഗസംഘം ബലംപ്രയോഗിച്ച് കാറിൽ കടത്തിക്കൊണ്ടുപോയത്. ഒന്നും രണ്ടും പ്രതികളായ ബസലേൽ സി. മാത്യുവും (പ്രവീൺ), സ്റ്റോയ് വർഗീസും നേരത്തെ അറസ്റ്റിലായിരുന്നു. കാറിന്റെ പിൻ സീറ്റിലിരുന്ന ഒന്നാംപ്രതി ബസലേൽ, കടലാസിൽ പൊതിഞ്ഞ കഞ്ചാവ് വലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിസ്സി നിരസിച്ചു.
തുടർന്ന് കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. സ്റ്റോയ് വർഗീസ് കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇത് മൂന്നാം പ്രതി ആരാധന മൊബൈൽ ഫോണിൽ പകർത്തി. ബസലേൽ സി. മാത്യുവിന് ഒപ്പം വിനോദയാത്രക്ക് പോകാൻ സമ്മതിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പല സ്ഥലങ്ങളിൽ കാറിൽ ചുറ്റികറങ്ങിയ ശേഷം സന്ധ്യയോടെ പ്രതിഭാ ജങ്ഷനിൽ ഇറക്കിവിട്ടു. പിറ്റേദിവസവും വൈകുന്നേരം ബസലേലും സ്റ്റോയ് യും കാറിൽ കല്ലൂപ്പാറയിൽ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് സ്റ്റോയ് വർഗീസ് അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിലായി. പ്രവീണിനെ ജൂലൈ 22ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും കാപ്പ നടപടിക്ക് വിധേയരായിട്ടുള്ളവരും ജയിൽശിക്ഷ അനുഭവിച്ചവരുമാണ്. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.