ചെങ്ങരൂർ സർവിസ് സഹകരണ ബാങ്കിൽ മോഷണശ്രമം; ലോക്കർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു
text_fieldsമല്ലപ്പള്ളി: മല്ലപ്പള്ളിയിൽ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ചെങ്ങരൂർ സർവിസ് സഹകരണ ബാങ്കിെൻറ ഹെഡ് ഓഫിസിലും ബ്രാഞ്ചിലും മോഷണശ്രമം നടന്നു.വെളിയിലെ അഞ്ച് ഷട്ടറുകളുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിലെ നാണയങ്ങൾ മാത്രമാണ് അപഹരിക്കാൻ കഴിഞ്ഞത്.രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണശ്രമം നടന്ന വിവരം അറിയുന്നത്. പത്തനംതിട്ടയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മണം പിടിച്ച നായ് സമീപത്തെ സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ സമീപം വരെയെത്തി. പള്ളിയിലും കാത്തലിക് സിറിയൻ ബാങ്കിലും സ്ഥാപിച്ചിരുന്ന കാമറകൾ പ്രവർത്തനരഹിതമായിരുന്നു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിസര പ്രദേശങ്ങളിൽ നിരവധി മോഷണവും മോഷണശ്രമവും നടന്നതായി നാട്ടുകാർ പറയുന്നു. ബൈക്കിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ച് കടന്നുകളയുന്ന സംഘങ്ങളുമുണ്ട്.
കുന്നന്താനം നടയ്ക്കലിൽ ഇരുചക്ര വാഹനത്തിലെത്തിയ സംഘം ഫോൺ വിളിക്കാൻ മൊബൈൽ ആവശ്യപ്പെട്ടിട്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.