കഞ്ചാവ് കേസിലെ പ്രതിയെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ
text_fieldsഅനന്തു ബിനു, പ്രണവ് പ്രസന്നൻ, ലിൻസൻ ലാലൻ
മല്ലപ്പള്ളി: കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പൊലീസിനോട് വെളിപ്പെടുത്തിയെന്നാരോപിച്ച് കഞ്ചാവ് കേസിലെ പ്രതിയെ മർദിച്ച സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ (27) നാണ് സംഘത്തിന്റെ മർദനമേറ്റത്.
കഴിഞ്ഞദിവസം എൽവിനെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയ സാഹചര്യത്തിൽ വീടിന് സമീപത്തുനിന്ന് കീഴ്വായ്പ്പൂർ പൊലീസ് പിടികൂടുകയും കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്ക് മർദനമേറ്റത്. എൽവിൻ കീഴ്വായ്പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്.
കുന്നന്താനം സ്വദേശികളായ സംഘത്തിലെ അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നൻ (35), ഏഴാം പ്രതി ലിൻസൻ ലാലൻ (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അനന്തു വിനയൻ ഫോണിൽ വിളിച്ച് തന്റെ കൈയിൽനിന്ന് നേരത്തെ വാങ്ങിയ കൂളിങ് ഗ്ലാസും 500 രൂപയും തിരിച്ചുകൊടുക്കാൻ എൽവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ചെങ്ങരൂർ റോഡിൽ വൈകീട്ട് 4.45 ന് വിളിച്ചുവരുത്തി.
പ്രതികൾ ബൈക്കിലും കാറിലുമായി സ്ഥലത്തെത്തി. കാറിന്റെ പിൻസീറ്റിൽ മധ്യത്തിരുന്ന അനന്തു, കാറിൽ കയറാൻ എൽവിനോട് ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്രതികളുടെ കയ്യിൽ കല്ലുകൾ ഇരിക്കുന്നത് കണ്ടു. കയറാൻ വിസമ്മതിച്ചപ്പോൾ പ്രതികൾ ചേർന്ന് ബലമായി പിടിച്ചുകയറ്റാൻ ശ്രമിച്ചു. തുടർന്ന് അനന്തു കയ്യിലിരുന്ന കല്ലുകൊണ്ട് ഇയാളുടെ ചെവിയുടെ പിന്നിൽ തലയിൽ ഇടിച്ചുപരിക്കേൽപ്പിച്ചു.
മറ്റുള്ളവർക്ക് ചേർന്ന് മുഖത്തും തലയിലും മർദച്ചു. താഴെ വീണപ്പോൾ നിലത്തിട്ട് ചവുട്ടി. മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ സ്ഥലംവിട്ടു. പിന്നീട് അനന്തു ഇയാളെ ഫോണിൽ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.