കുളത്തൂർമൂഴി ജങ്ഷനിൽ അപകട ഭീഷണി; വാഹനങ്ങൾക്ക് അമിത വേഗം
text_fieldsമല്ലപ്പള്ളി: വാഹനങ്ങളുടെ അമിതവേഗം കാരണം കുളത്തൂർമൂഴി ജങ്ഷൻ അപകട ഭീഷണിയിൽ. പത്തനംതിട്ട-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറിനു കുറുകെയുള്ള കുളത്തൂർമൂഴി പാലത്തിന്റെ സമീപനപാതയും പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡും സന്ധിക്കുന്ന പ്രധാന ജങ്ഷനാണിത്. കൊടും വളവായ ജേക്കബ്സ് റോഡിന്റെ മധ്യഭാഗത്താണ് സമീപനപാത സന്ധിക്കുന്നതും. മുക്കവലയായതിനാൽ മൂന്നു ദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കും ജങ്ഷനിൽ എത്തിയാൽ മാത്രമാണ് മറുദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നത്. സമീപനപാതയുടെ മധ്യഭാഗത്ത് ബസ്കാത്തിരിപ്പ് കേന്ദ്രമുള്ളതിനാൽ യാത്രക്കാർ റോഡുകൾ മുറിച്ച് വേണം അപ്പുറത്ത് കടക്കാൻ.
ജേക്കബ്സ് റോഡിൽനിന്നും പാലത്തിന്റെ സമീപനപാതയിൽനിന്നും അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ജില്ല അതിർത്തിയായതിനാൽ രാപ്പകൽ വാഹനത്തിരക്കുമാണ്. ദിവസവും ചെറുതെങ്കിലും ഒരപകടം ഇവിടെ പതിവാണ്. ജങ്ഷനിൽ വാഹന വേഗ നിയന്ത്രണ സംവിധാനവുമില്ല. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.