പാതകളിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് അധികൃതർ
text_fieldsമല്ലപ്പള്ളി: താലൂക്കിെൻറ വിവിധ പ്രദേശങ്ങളിലും ടൗണിലും ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നതിനാൽ കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയിൽ.
അമിത ലോഡുമായാണ് ടിപ്പറുകൾ തിരക്കേറിയ പാതകളിലൂടെ പായുന്നത്. സൈഡ് ബോഡിയിൽ കവിഞ്ഞും വലിയ പാറക്കല്ലുകളുമായി പോകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. അധികൃതരുടെ മുന്നിൽ നടക്കുന്ന ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് ടിപ്പറുകൾ മത്സരയോട്ടവും മരണപ്പാച്ചിലും. പല റോഡുകളും തമ്മിൽ യോജിക്കുന്ന ഭാഗത്ത് വീതിക്കുറവായതിനാൽ ഇതൊന്നും ശ്രദ്ധിക്കാതെ ടിപ്പർ ലോറികൾ കയറി വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
സ്കൂൾ സമയങ്ങളിൽ റോഡിെൻറ വശങ്ങളിൽ പാർക്ക് ചെയ്തിട്ട് സമയം കഴിയുമ്പോൾ അമിത വേഗത്തിലാണ് നിരത്തിലൂടെ പായുന്നത്. ലോഡുമായി പോകുന്ന ടിപ്പറുകൾ ലോഡ് മൂടിക്കൊണ്ടുപോകണമെന്ന നിയമം പലരും പാലിക്കാറില്ല. പലയിടത്തും ലോഡ് അനുസരിച്ച് കമീഷൻ വ്യവസ്ഥയിലാണ് കൂലി എന്നതിനാൽ മത്സരയോട്ടമാണ് റോഡുകളിൽ. തലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നതിനാൽ പ്രധാന ജങ്ഷനുകളിൽ റോഡ് മുറിച്ചുകടക്കാൻപോലും ഏറെ നേരം കാത്തുനിൽക്കണം.
ജില്ലയിൽ പലയിടത്തുമുള്ള പാറ ക്വാറികൾ നിർത്തലാക്കിയതിനാൽ മല്ലപ്പള്ളി മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് ചാകരയാണ്. മറ്റ് ജില്ലകളിൽ നിന്നുപോലും ലോറികൾ ഇവിടേക്ക് എത്തുന്നു. അമിതവേഗം, സുരക്ഷിതമല്ലാതെ ലോഡ് കയറ്റുന്നത്, മൂടിയിടാതെ ലോഡുമായി പായുന്നത്, കടത്തിക്കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളുടെ അഭാവം തുടങ്ങിയവയെല്ലാം എല്ലാവർക്കും അറിയാമെങ്കിലും ഇവ പരിശോധിക്കേണ്ട പൊലീസ് അടക്കമുള്ള അധികൃതർ കണ്ണടക്കുകയാണ്. ക്വാറികൾക്ക് സമീപത്തെ ഗ്രാമീണ റോഡുകളും തകർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.