ഊരുകുഴി തോട് കൈയേറ്റം ഒഴിപ്പിക്കൽ വൈകുന്നു; മഴ പെയ്താൽ വെള്ളപ്പൊക്ക ഭീഷണി
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറ ടൗണിനു സമീപത്തുകൂടി ഒഴുകുന്ന ഊരുകുഴി തോട് കൈയേറ്റം ഒഴിപ്പിച്ച് തോടിന് വീതികൂട്ടാൻ നടപടിയില്ല. അതിനാൽ, ചെറിയ മഴ പെയ്താൽപോലും സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുമെന്ന സ്ഥിതിയാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷം തോരാതെ പെയ്ത മഴയിൽ തോട് കരകവിഞ്ഞ് പുരയിടങ്ങളിലൂടെ വെള്ളം ഒഴുകിയത് പ്രദേശവാസികൾ ആശങ്കയിലായി.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാരുടെ പരാതി. ഊരുകുഴി തോട് കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഹൈകോടതി ഉത്തരവുണ്ടായിട്ടും നടപടി എങ്ങുമെത്താതെ തുടരുകയാണ്. ഉത്തരവ് നടപ്പാക്കുന്നതായി പ്രഹസനം നടത്തി അധികൃർ മടങ്ങുകയായിരുന്നു. എന്നാൽ തോടിനു സമീപമുള്ള സ്ഥലങ്ങൾ വാങ്ങാൻ ആവശ്യക്കാരുടെ തിരക്കാണ്. ഇതിനോടു ചേർന്നു കിടക്കുന്ന പുറമ്പോക്ക് ഭൂമി കൈവശമാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
ഒമ്പത് മീറ്റർവരെ വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ മൂന്നു മീറ്റർപോലും ഇല്ലാത്ത സ്ഥിതിയിലെത്തിയിട്ടും അധികാരികൾ പലരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങി ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരക്കെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. അധികാരികളുടെ ഈ നടപടി മൂലം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണ്. ബാങ്ക് വായ്പയും മറ്റും എടുത്ത് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന നിരവധി വ്യാപാരികൾ മാനത്ത് മഴക്കാർ കാണുമ്പോൾ തന്നെ വെള്ളം കയറുമെന്ന ഭീതിയിൽ സാധനങ്ങൾ എടുത്ത് മാറ്റേണ്ട ഗതികേടിലാണ്.
വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. ഊരു കുഴി തോട് വീതിയും ആഴവും കൂട്ടി സംരക്ഷിക്കുന്നതിന് ബഹുജന പങ്കാളിത്തതോടെ പദ്ധതി ആവിഷ്കരിച്ചെങ്കിലും അതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് നാടിനെ രക്ഷിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.