പെരുമ്പെട്ടി പട്ടയം അട്ടിമറിക്കാൻ വനം വകുപ്പ്
text_fieldsമല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കർഷകർക്ക് അർഹമായ റവന്യൂ പട്ടയം അട്ടിമറിക്കാൻ വനം വകുപ്പിന്റെ ഗൂഢശ്രമം നടക്കുന്നതായി പൊന്തൻപുഴ സമരസമിതി. 1964ലെ കേരള ഭൂമിപതിവുചട്ടം അനുസരിച്ചുള്ള പട്ടയം നൽകാൻ റവന്യൂ വകുപ്പ് നട ത്തുന്ന ശ്രമങ്ങൾക്ക് വിലങ്ങുതടി ഇടാനും വനം കൈയേറ്റം ക്രമപ്പെടുത്തി പട്ടയം അനുവദിക്കാനുമുള്ള സമ്മർദം തുടരുകയാണ് വനം വകുപ്പ്.
പെരുമ്പെട്ടിയിലെ കർഷകർ വനപരിധിക്കു പുറത്താണെന്ന കോടതിവിധിയും കേന്ദ്രാനുമതിയോടെ പട്ടയം നൽകാനുള്ള ശ്രമം മരവിപ്പിച്ചുള്ള കോടതിവിധിയും നിലനിൽക്കെ വനം വകുപ്പിന്റെ ശ്രമങ്ങൾ കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വനത്തിന്റെ സർവേ പൂർത്തീകരിച്ച് വനപരിധിക്കു പുറത്തുനിന്ന് ഇതിനകം വ്യക്തമായ ഭൂമിക്കു കേരള സർക്കാർ റവന്യൂ പട്ടയം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പെരുമ്പെട്ടിയിലെ ഭൂമി വീണ്ടും സംയുക്ത സർവേ നടത്താൻ സർക്കാർ തീരുമാനിച്ചതോടെ 1991ലെ സംയുക്ത പരിശോധന അസാധുവായി. പുതിയ സർവേയിൽ കർഷകരുടെ ഭൂമി വനത്തിൽ ഉൾപ്പെടുന്നില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
തങ്ങൾക്കു നേരത്തേ സംഭവിച്ച പിശകു മറച്ചുവെക്കാൻ വഴിവിട്ട നീക്കങ്ങളാണ് വനം വകുപ്പ് നടത്തുന്നത്. വനം അല്ലാത്ത ഭൂമിയെ ക്രമപ്പെടുത്തി 1993ലെ വനം പതിച്ചുനൽകൽ നിയപ്രകാരം പട്ടയം അനുവദിച്ചാൽ യഥാർഥ വനത്തിൽനിന്ന് 104.73 ഹെക്ടർ ഭൂമി കുറവ് ചെയ്യപ്പെടും. ഇത് വനമാഫിയക്കു സഹായകമാകും. വനത്തിൽ ഉൾപ്പെടാത്ത ഭൂമി വനമെന്ന പേരിൽ ക്രമപ്പെടുത്തിയാൽ പകരം വനവത്കരണത്തിനു ഇരട്ടിഭൂമി വിട്ടുനൽകേണ്ട ബാധ്യത റവന്യൂ വകുപ്പിനുണ്ടാകും.
കേരളത്തിലെ ഭൂരഹിതർക്ക് കിട്ടേണ്ട ഭൂമി അനാവശ്യമായി നഷ്ടമാകുന്നതിനു ഇടയാകും. വനം അല്ലാത്ത ഭൂമി വനമാണെന്ന് കർഷകർ സമ്മതിച്ചുകൊടുത്താൽ നിലവിലുള്ള കേസിൽ കർഷകർ കുടുങ്ങും. വനംവകുപ്പിന്റെ നീക്കത്തെ ശക്തമായി നേരിടാനാണ് സമരസമിതി തീരുമാനം. ഡിജിറ്റൽ സർവേയിൽ പെരുമ്പെട്ടിക്ക് മുൻഗണന നൽകി റവന്യൂ പട്ടയം അനുവദിക്കാൻ സർക്കാർ തയാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.