പത്തനംതിട്ടയിൽ നാട് വിറപ്പിച്ച് ചുഴലിക്കാറ്റ്; വ്യാപക നാശം
text_fieldsമല്ലപ്പള്ളി: ജില്ലയിൽ തടിയൂർ, തെള്ളിയൂർ, വെണ്ണിക്കുളം, അയിരൂർ, എഴുമറ്റൂർ ഭാഗങ്ങളിൽ വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ലഘു മേഘ വിസ്ഫോടനത്തെ തുടർന്നാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
200ഓളം വീടുകൾ ഭാഗികമായും 11 വീട് പൂർണമായും തകർന്നു. വ്യാപകമായി കൃഷിനാശവും ഉണ്ടായി. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായും തകർന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കരിക്കാട്ട് കോളനി പ്രദേശം പൂർണമായും തകർന്ന നിലയിലാണ്. മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് മേൽക്കൂരകളിൽ വീണുമാണ് വീടുകൾ ഏറെയും തകർന്നത്. കാറ്റിൽ മേൽക്കൂര പറന്നും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീയാടിക്കൽ, തടിയൂർ സ്കൂൾ പടിവരെ റോഡിെൻറ വശങ്ങളിൽ നിന്നിരുന്ന ചെറുതും വലുതുമായ മുഴുവൻ മരങ്ങളും പൂർണമായും നിലംപതിച്ചു.
റാന്നി-തിരുവല്ല റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പ്രദേശങ്ങളിലെ 11കെ.വി ലൈൻ ഉൾപ്പെടെ വൈദ്യുതി പോസ്റ്റുകൾ മുഴുവനായും മരം വീണ് ഒടിഞ്ഞതോടെ വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതും ഒടിയുന്നതും കണ്ട് വീടുകളിൽനിന്ന് പലരും ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായിട്ടില്ല. 10 പേർക്ക് നിസ്സാരപരിക്ക് ഏറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ മരച്ചില്ലകൾ വന്നടിച്ചാണ് പരിക്കേറ്റത്.
വിവിധ പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കാർഷിക വിളകളാണ് നശിച്ചത്. ഓണത്തിന് വിളവെടുക്കാൻ നട്ടുവളർത്തിയ മുഴുവൻ ഏത്തവാഴകളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഈ ഇനത്തിൽ മാത്രം ഉണ്ടായിട്ടുണ്ട്. എൻ.എസ്.എസിെൻറ കെട്ടിടത്തിൽ റേഷനരി സൂക്ഷിക്കുന്ന ഗോഡൗണിെൻറ ഷീറ്റുകൾ പറന്നുപോയി. അതിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ വെള്ളം കയറി നശിച്ചു.
റബർ തോട്ടങ്ങൾ ഏറെയുള്ള സ്ഥലങ്ങളാണിത്. നൂറുകണക്കിന് റബർ മരങ്ങൾ ഒടിയുകയും പിഴുതുവീഴുകയും ചെയ്തിട്ടുണ്ട്. ഏത്തവാഴ കൃഷി പൂർണമായും നശിച്ചു.
ഷീറ്റിട്ട മേൽക്കൂരകൾ ഭൂരിഭാഗവും തകർന്നു. മേൽക്കൂരകൾ ശക്തമായ കാറ്റിൽ ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു. വെണ്ണിക്കുളം ശാലോം മാർത്തോമ പള്ളിയുടെ മേൽക്കൂര തകർന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കണക്കെടുപ്പ് നടക്കുകയാണ്. ആേൻറാ ആൻറണി എം.പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.