അനധികൃത വിദേശ മദ്യവിൽപന വ്യാപകമാകുന്നു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളിൽ അനധികൃത വിദേശ മദ്യവിൽപന വ്യാപകമെന്ന് പരാതി. ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപന ശാലകളിൽനിന്ന് വാങ്ങുന്ന മദ്യമാണ് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വിൽപന. നാലിരട്ടിവരെ വിലക്കാണ് അനധികൃത വിൽപന നടക്കുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് എത്തിച്ചുനൽകുന്ന സംഘങ്ങളുമുണ്ട്. നിമിഷനേരം കൊണ്ട് അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തര കച്ചവടക്കാരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.
മദ്യപാനശേഷം ഒഴിഞ്ഞ കുപ്പികൾ സമീപത്തെ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലേക്കും വലിച്ചെറിയുകയാണ് പതിവ്. മദ്യപർ തമ്മിൽ സംഘർഷവും അസഭ്യം പറയുന്നതും നിത്യ സംഭവമായിരിക്കുകയാണ്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിപണനവും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. സന്ധ്യസമയങ്ങളിൽ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ മരണപ്പാച്ചിലാണ് നടക്കുന്നത്.
പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ വാഹനങ്ങളിലും പരസ്യമായി റോഡിലിരുന്നുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.