കെ-റെയിൽ സമര വാഴക്കുലക്ക് 28,000 രൂപ
text_fieldsമല്ലപ്പള്ളി: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കൽ നട്ട സമരവാഴയുടെ വിളവെടുപ്പ് മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പൂവൻ വാഴക്കുല 28,000 രൂപക്ക് ലേലം ചെയ്തു. സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ നടന്ന ആവേശകരമായ ലേലത്തിന്റെ തുക, ചെങ്ങന്നൂരിൽ അടുപ്പുകല്ല് ഇളക്കി കെ-റെയിൽ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവനനിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
ജനങ്ങൾ തള്ളിക്കളഞ്ഞ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി നിലകൊള്ളുന്ന എം.എൽ.എമാരോടുള്ള പ്രതിഷേധ സൂചകമായാണ് വാഴ നട്ടത്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് വാഴയുടെ വിളവെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. നടക്കൽ ജങ്ഷനിൽ നടന്ന യോഗത്തിൽ സമര സമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു.
ലേലം ചെയ്ത് ലഭിച്ച 28,000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്ക് കൈമാറി. തങ്കമ്മ ഭവനനിർമാണ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, പത്തനംതിട്ട ജില്ല ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, വി.എം. റെജി, ബിനു ബേബി, റോസ്ലിൻ ഫിലിപ്, എസ്. രാധാമണി, രാധ എം. നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽ അമ്പാടി തുടങ്ങിയവർ സംസാരിച്ചു. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.