കെ-റെയിൽ സമരവാഴക്കുലക്ക് പൊന്നുംവില
text_fieldsമല്ലപ്പള്ളി: സമരവാഴക്കുലക്ക് പൊന്നുംവില. കുന്നന്താനം റീത്തുപള്ളി ജങ്ഷനിലെ സ്ഥിരം സമരപ്പന്തലിൽ നടന്ന ലേലത്തിൽ 49,100 രൂപക്കാണ് കുല ലേലംചെയ്തത്. നിർദിഷ്ട പദ്ധതി പാതയിലായതിനാൽ വീട് നഷ്ടപ്പെടുന്ന സുമതിക്കുട്ടിയമ്മയാണ് പദ്ധതിയോടുള്ള പ്രതിഷേധസൂചകമായി കുല ലേലം കൊണ്ടത്. ലേലം ഉറപ്പിച്ചശേഷം ജോസഫ് എം.പുതുശ്ശേരി കുല സുമതിക്കുട്ടിയമ്മക്ക് കൈമാറി.
സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്ന 99 ഭരണപക്ഷ എം.എൽ.എമാരോടുള്ള പ്രതിഷേധസൂചകമായാണ് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 2022ലെ പരിസ്ഥിതി ദിനത്തിൽ വാഴ വെക്കാനുള്ള സമരാഹ്വാനം നടത്തിയത്. അതിന്റെ വിളവെടുപ്പും ലേലവുമാണ് സംസ്ഥാനത്തുടനീളം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചെങ്ങന്നൂർ കൊഴുവല്ലൂരിൽ അടുക്കളയിൽ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മക്ക് വീട് പണിതുനൽകുമെന്ന് പ്രഖ്യാപനം നടത്തിയ മന്ത്രി സജി ചെറിയാൻ ആ വാക്കു പാലിക്കാത്ത സാഹചര്യത്തിൽ തങ്കമ്മക്ക് വീടുവെച്ച് നൽകാനുള്ള ഫണ്ടിലേക്കാണ് ലേലത്തുകകൾ കൈമാറുന്നത്.
ഇവിടെ ലഭിച്ച തുകയിൽ പകുതി തങ്കമ്മയുടെ വീടിനും ബാക്കി കോട്ടയം ജില്ലയിൽ നടന്നുവരുന്ന കേസുകളുടെ ചെലവിനുമായി വിനിയോഗിക്കും. തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്കുള്ള 25,000 രൂപ ജോസഫ് എം.പുതുശ്ശേരി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവിന് കൈമാറി. നേരത്തേ സമരവാഴക്കുല ലേലവും സ്ഥിരം സമരപ്പന്തലിലെ 550 ആം ദിവസത്തെ സമരപരിപാടിയും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
കേരള ജനതയെയും പരിസ്ഥിതിയെയും സാരമായി ബാധിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിന് ഉത്തരവിറക്കേണ്ടിവരുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സമരസമിതി ജില്ല ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സംസ്ഥാന സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കുവാന്‍ സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ആന്റോ ആന്റണി എം.പിക്ക് കൈമാറി.
സലിം പി.മാത്യു, വി.ജെ. ലാലി, കുഞ്ഞുകോശി പോള്‍, മിനി കെ.ഫിലിപ്, മുരുകേഷ് നടയ്ക്കല്‍, കെ.എ. ജോസഫ്, ആന്റണി കുന്നുംപുറം, മാത്തുക്കുട്ടി പ്ലാത്താനം, ജസ്റ്റിന് ബ്രൂസ്, ബാബു രാജേന്ദ്രന്, എബി മേക്കരിങ്ങാട്ട്, സുരേഷ്ബാബു പാഴാലി, സി.പി. ഓമനകുമാരി, ശാന്തമ്മ കുര്യാക്കോസ്, റോസ്ലിന് ഫിലിപ്, തോമസ് കെ.മാറാട്ടുകളം, ബാബു കുരീത്ര, എ.ജി. അജയകുമാര്‍, എ.ടി. വർഗീസ്, സെലിന് ബാബു, ഷിനോ ഓലിക്കര, ഫിലോമിന തോമസ്, ബിന്‍സി ബിനോയ്, റീന അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.