കൊറ്റനാട് സഹകരണ ബാങ്ക് പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ രംഗത്ത്
text_fieldsമല്ലപ്പള്ളി: കൊറ്റനാട് സർവിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സംഘടിച്ച് ബാങ്കിലെത്തി. പണം ലഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍നിന്ന് വ്യക്തമായ വിവരം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു നിക്ഷേപകർ.
ചൊവ്വാഴ്ച മൂന്നുമണിയോടെ ബാങ്കിലെത്തിയവർ അഞ്ചുമണി കഴിഞ്ഞിട്ടും ബാങ്കില്‍നിന്ന് ഇറങ്ങാന്‍ തയാറായില്ല. അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിട്ടും മടങ്ങാന്‍ തയാറായില്ല. അസിസ്റ്റന്റ് രജിസ്ട്രാറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പിരിഞ്ഞുപോയത്.
സ്ത്രീകളടക്കം 12 നിക്ഷേപകരാണ് പണം തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ അസിസ്റ്റന്റ് രജിസ്ട്രാറെ വിവരമറിയിച്ചു. അദ്ദേഹം ഫോണിലൂടെ ഇവരുമായി സംസാരിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ നേരിട്ട് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം ഉറപ്പുനൽകിയതായി നിക്ഷേപകര്‍ പറഞ്ഞു. ഈ ഉറപ്പിൽ തല്ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. രണ്ടു മുതല്‍ 12 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവര്‍ ഇതില്‍പെടുന്നു.
96 ലക്ഷം രൂപയാണ് ഇത്രയും പേര്‍ക്ക് മാത്രമായി നൽകാനുള്ളത്. നഷ്ടത്തിലായ ബാങ്കില്‍നിന്ന് നിക്ഷേപം തിരികെ കിട്ടാൻ വര്‍ഷങ്ങളായി ഇവർ കയറിയിറങ്ങുകയാണ്. ഒരു വര്‍ഷത്തിലേറെയായി ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്. നിക്ഷേപകർ ഹൈകോടതിയിൽ കേസും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.