കൊറ്റനാട്ട് എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാൻ പദ്ധതി
text_fieldsമല്ലപ്പള്ളി: കുടിവെള്ള പദ്ധതികൾക്ക് ജലസ്രോതസ്സിന്‍റെ ക്ഷാമം നേരിടുന്ന കൊറ്റനാട് പഞ്ചായത്തിൽ അങ്ങാടി കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴി എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. നദികളോ മറ്റ് ജലസ്രോതസ്സുകളോ കൊറ്റനാട് പഞ്ചായത്തിൽ ഇല്ല.
രണ്ട് പഞ്ചായത്തിലുമായി 75.37 കോടിയുടെ പദ്ധതിയാണ് പ്രാവർത്തികമാക്കുക. അങ്ങാടിയിൽ പമ്പാനദിയുടെ തീരത്ത് നിർമിക്കുന്ന കിണറ്റിൽനിന്ന് സംഭരിക്കുന്ന ജലം കൊറ്റനാട് പഞ്ചായത്തിലെ ശുദ്ധീകരണ പ്ലാന്‍റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും മിനറൽ വാട്ടർ നിലവാരത്തിലുള്ള കുടിവെള്ളം ജനങ്ങൾക്ക് എത്തിച്ചുനൽകുക.
ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ കൊറ്റനാട് പഞ്ചായത്തിലെ മാരികാവിൽ 2015ൽ ഒരേക്കർ സ്ഥലം 58 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയിട്ടുണ്ട്. അങ്ങാടി പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപ സ്ഥലം വാങ്ങാൻ ലഭിച്ചു. 12 ലക്ഷം രൂപ കൊറ്റനാട് പഞ്ചായത്തിലെ ജനകീയ സമിതി നേതൃത്വത്തിൽ വീട് കയറിയാണ് ശേഖരിച്ചത്. ബാക്കി വരുന്ന തുക കൊറ്റനാട് പഞ്ചായത്ത് കണ്ടെത്തി നൽകി.
വർഷങ്ങൾക്കുമുമ്പ് മാലികാവ് പമ്പാനദിയിൽനിന്ന് വെള്ളം എത്തിച്ച് വിതരണം ചെയ്യാൻ ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ഒരു ടാങ്ക് നിർമിച്ചിരുന്നു. ഇത് ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതും പുതിയ പദ്ധതിക്കുവേണ്ടി ഉപയോഗിക്കും. കൊറ്റനാട് പഞ്ചായത്തിൽ ജൽജീവൻ മിഷൻ വഴി 9168 കണക്ഷനാണ് നൽകുക. പ്രോജക്ട് ഡിവിഷൻ വഴി 4706 കണക്ഷനും വാട്ടർ അതോറിറ്റി തിരുവല്ല പി.എച്ച് ഡിവിഷൻ വഴി 3456 കണക്ഷനും നൽകും.
കിണറുകളിൽനിന്ന് വെള്ളം എടുത്ത് വിതരണം ചെയ്യുന്ന കുളത്തുങ്കൽ, ഉപ്പോലി ഉൾപ്പെടെ ചെറിയ പദ്ധതികൾ മാത്രമാണ് പഞ്ചായത്തിലുള്ളത്. ജൽജീവൻ പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കാനാകും എന്ന് അധികൃതർ പറഞ്ഞു.
ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രമോദ് നാരായൺ എം.എൽ.എ യോഗം വിളിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രകാശ് പി. സാം അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ കെ.യു. മിനി, അസി. എക്സി. എൻജിനീയർമാരായി എസ്.ജി. കാർത്തിക, മഞ്ജു, അസി. എൻജിനീയർമാരായ പി.കെ. പ്രദീപ്കുമാർ, അശ്വിൻ, ശ്രീലേഖ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.