കോട്ടാങ്ങലിൽ മദ്യവിൽപന; നടപടിയെടുക്കാതെ അധികൃതർ
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങലിൽ മദ്യവിൽപന പൊടിപൊടിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതരും. കോട്ടാങ്ങൽ ജങ്ഷൻ, ആൾതാമസമില്ലാത്ത വീടുകൾ, റബർ തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് മദ്യവിൽപന നടക്കുന്നത്.
ഓട്ടോകളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവർക്ക് റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നൽകുന്നുമുണ്ട്. സർക്കാർ മദ്യശാലകളിൽനിന്ന് വാങ്ങുന്ന മദ്യത്തിന് ഇരട്ടിവിലയ്ക്കാണ് വിൽപന നടത്തുന്നത്. അമിത വിലയ്ക്കും വാങ്ങാൻ ആൾക്കാർ ഉള്ളതിനാൽ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വർധിച്ചുവരുകയാണ്.
സന്ധ്യകഴിഞ്ഞാൽ മദ്യപാനികളുടെ അസഭ്യം പറച്ചിൽ കാരണം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എക്സൈസ്, പൊലീസ് അധികാരികളുടെ അനങ്ങാപ്പാറ നയമാണ് അനധികൃത മദ്യവിൽപന കേന്ദ്രങ്ങൾ പെരുകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്.
പൊലീസ് അധികാരികളെ അറിയിച്ചാൽ അറിയിക്കുന്ന ആളിന്റെ വിവരങ്ങൾ വിൽപനക്കാരെ അറിയിക്കുന്ന സ്ഥിതിയാണ്. പൊലീസിൽ ചിലരുടെ ഒത്താശയും ഇത്തരക്കാർക്കുണ്ടെന്നും പറയപ്പെടുന്നു. അനധികൃത മദ്യവിൽപന തടയാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.