മല്ലപ്പള്ളി താലൂക്കിന് 40 വയസ്സ്; വികസനത്തിൽ ബാല്യം
text_fieldsമല്ലപ്പള്ളി: താലൂക്കിന് 40 വയസ്സ് പൂർത്തിയായെങ്കിലും വികസനത്തിൽ ഇന്നും ബാല്യത്തിൽതന്നെ. തിരുവല്ല താലൂക്കിലെ എട്ട് വില്ലേജുകൾ ഉൾപ്പെടുത്തി 1983 ജൂലൈ മൂന്നിനാണ് മല്ലപ്പള്ളി താലൂക്ക് രൂപവത്കരിച്ചത്.
പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, പെരുമ്പെട്ടി, എഴുമറ്റൂർ വില്ലേജുകളാണ് ചേർക്കപ്പെട്ടത്. 1988ൽ എഴുമറ്റൂർ വില്ലേജ് വിഭജിച്ച് തെള്ളിയൂർ വില്ലേജും നിലവിൽ വന്നതോടെ താലൂക്കിൽ ഒമ്പത് വില്ലേജായി. 1982 നവംബർ ഒന്നിന് ജില്ല രൂപവത്കൃതമായതോടെയാണ് മല്ലപ്പള്ളി താലൂക്ക് രൂപവത്കരണത്തിന് വഴിതെളിച്ചത്. അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് താലൂക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ടി.എസ്. ജോണായിരുന്നു അന്ന് എം.എൽ.എ.
താലൂക്ക് രൂപവത്കൃതമായി നാലു പതിറ്റാണ്ട് ആകുമ്പോഴും വികസനത്തിൽ ഇന്നും പിന്നിൽ തന്നെയാണ്.നിയോജകമണ്ഡലം ഇല്ലാതായതോടെ താലൂക്ക് വിഭജിക്കപ്പെട്ടു.
തിരുവല്ല, റാന്നി മണ്ഡങ്ങളുടെ ഭാഗമായതോടെ താലൂക്കിൽ വികസനം ഇല്ലാതായി. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും അവഗണ മാത്രമാണ്. താലൂക്കിൽ കോടതി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. കോടതിക്ക് ആവശ്യമായ കെട്ടിട സമുച്ചയം ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും തുടർ നടപടി ഉണ്ടാകാത്തതിനാൽ നടപ്പായില്ല. അഗ്നിരക്ഷ നിലയമില്ലാത്ത സംസ്ഥാനത്തെ ഏക താലൂക്കാണ് മല്ലപ്പള്ളി. ഏറെയും മലയോര മേഖലകളാണ്. കുടിവെള്ള ക്ഷാമം, യാത്രാക്ലേശം എന്നിവയെല്ലാം പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. സാക്ഷരതയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണെങ്കിലും വികസനത്തിൽ പിന്നിൽ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.