മല്ലപ്പള്ളി സമ്പൂര്‍ണ സാന്ത്വന പരിചരണമേഖല പദവിയിലേക്ക്
text_fieldsമല്ലപ്പള്ളി: സാന്ത്വന പരിചരണം അനിവാര്യമായ മുഴുവന്‍ രോഗികള്‍ക്കും ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കി സമ്പൂര്‍ണ സാന്ത്വന പരിചരണമേഖല എന്ന ലക്ഷ്യം കൈവരിക്കുകയാണ് മല്ലപ്പള്ളി എ.കെ.ജി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി. ജില്ലയിലെ ആദ്യ സമ്പൂര്‍ണ പാലിയേറ്റിവ് ഏരിയ പ്രഖ്യാപനമാണ് മല്ലപ്പള്ളിയില്‍ നടക്കുന്നത്.
ജില്ലയെ സമ്പൂര്‍ണ സാന്ത്വന പരിചരണ ജില്ലയാക്കി മാറ്റുക എന്ന പദ്ധതി പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സെൻറര്‍ (പി.ആർ.പി.സി) പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായി അഫിലിയേറ്റ് ചെയ്ത 11 ഏരിയാതല സൊസൈറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട്, എഴുമറ്റൂര്‍ എന്നീ ഏഴ് ഗ്രാമപഞ്ചായത്തിലെ 96 വാര്‍ഡിൽ ആദ്യഘട്ടത്തില്‍ വാര്‍ഡുതല പ്രഖ്യാപനങ്ങള്‍ നടന്നു. തുടര്‍ന്ന് സോണല്‍ തല പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കിയാണ് ഏരിയാതല പ്രഖ്യാപനം നടത്തുന്നത്. 96 വാര്‍ഡുകളില്‍നിന്ന് കണ്ടെത്തിയ 735 രോഗികള്‍ക്കാണ് പരിചരണം നല്‍കുന്നത്.
ഇതിന് പരിശീലനം ലഭിച്ച 371 വളൻറിയര്‍മാർ പ്രവര്‍ത്തിക്കുന്നു. ഇവര്‍ എല്ലാ വ്യാഴാഴ്ചയും രോഗികളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായും. നഴ്സിങ് കെയര്‍ ആവശ്യമായവര്‍ക്ക് സൊസൈറ്റിയുടെ അഭയം ഹോംകെയര്‍ ആംബുലന്‍സ് വിഭാഗം രണ്ടാഴ്ചയില്‍ ഒരിക്കല്‍ വീടുകളിലെത്തി പരിചരണം നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ ഫോണില്‍ വിളിച്ചാല്‍ (9495508794, 9495184402) ഉടന്‍ വീട്ടിലെത്തി പരിചരണം നല്കുന്ന എമര്‍ജന്‍സി നഴ്സിങ് കെയര്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നു. രണ്ട് ആംബുലന്‍സുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ബ്ലഡ് ഡോണേഴ്സ് ഫോറം പുനര്‍ജനി എന്ന പേരില്‍ സൊസൈറ്റിക്കുണ്ട്. സ്റ്റുഡൻറ് പാലിയേറ്റിവ് കെയര്‍ യൂനിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് നെഗറ്റിവായശേഷം വീടുകളും സ്ഥാപനങ്ങളും അണുമുക്തമാക്കുന്ന സൗജന്യസേവനവും സൊസൈറ്റി നല്‍കുന്നുണ്ട്. മല്ലപ്പള്ളി മാര്‍ക്കറ്റ് ജങ്ഷനിലുള്ള രേവതി ടവറിെൻറ രണ്ടാം നിലയിലാണ് സൊസൈറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
സമ്പൂര്‍ണ സാന്ത്വന പരിചരണ മേഖല പ്രഖ്യാപനം 15ന്
മല്ലപ്പള്ളി: ഏരിയ സമ്പൂര്‍ണ സാന്ത്വന പരിചരണ മേഖലയായി പ്രഖ്യാപിക്കുന്ന യോഗം തിങ്കളാഴ്ച രാവിെലെ 11ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡൻറ് ബിനു വര്‍ഗീസ് അധ്യക്ഷത വഹിക്കും.
സമ്പൂര്‍ണ ഏരിയ പ്രഖ്യാപനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.