മണിമലയാർ വറ്റുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകും
text_fieldsമല്ലപ്പള്ളി: രണ്ടുതവണ കരകവിഞ്ഞൊഴുകിയ മണിമലയാർ രണ്ടാഴ്ചത്തെചൂടിൽ വറ്റിത്തുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയേറി. സമൃദ്ധമായി ഒഴുകിയ ആറ്റിൽ പലയിടങ്ങളിലും മണൽപുറ്റ് രൂപപ്പെട്ടുതുടങ്ങി. കോട്ടാങ്ങൽ കടൂർക്കടവിൽ ആറ്റിലെ ജലനിരപ്പ് താഴ്ന്ന് മണൽ തെളിഞ്ഞതോടെ വശങ്ങളിൽക്കൂടി മാത്രം വെള്ളം ഒഴുകുന്ന കാഴ്ചയാണ്. പലയിടങ്ങളിലും മണൽ വാരി രൂപപ്പെട്ട കയങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. നീരൊഴുക്ക് പൂർണമായും നിലച്ചു. വേനൽ കടുത്താൽ കോട്ടാങ്ങൽ, മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ്ങിനെ ബാധിക്കും. കുടിവെള്ള പദ്ധതികളുടെ കിണറുകൾ ആറ്റിലും തീരങ്ങളിലുമാണ് നിർമിച്ചിരിക്കുന്നത്. പദ്ധതിപ്രദേശത്തെ വെള്ളവും കുറഞ്ഞുതുടങ്ങി. മൂന്നടിയോളം മാത്രമാണ് വെള്ളം ഇപ്പോഴുള്ളത്. മലയോര മേഖലകളിൽ ആഴ്ചയിൽ ഒരു തവണ മാത്രമാണ് ഇപ്പോൾ പൈപ്പ്ലൈനിൽക്കൂടി വെള്ളമെത്തുന്നത്. വേനൽച്ചൂട് കടുത്തതോടെ ജനങ്ങൾ കുടിവെള്ളത്തിനായുള്ള പരക്കംപാച്ചിൽ തുടങ്ങി. കുടിവെള്ളം പല സ്ഥലങ്ങളിലും വില കൊടുത്ത് വാങ്ങുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.