ജീവൻ കൈയിൽ പിടിച്ച് യാത്രക്കാർ; മല്ലപ്പള്ളി-തിരുവല്ല റൂട്ടിൽ ബസുകളുടെ മത്സരയോട്ടം
text_fieldsമല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായതോടെ യാത്രക്കാർ ഭീതിയിൽ. ഇത്തരക്കാരെ നിലക്കുനിർത്തേണ്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. ബസുകളുടെ സമയത്തെ ചൊല്ലി വാക്ക്തർക്കവും സംഘർഷവും പതിവാണ്.
ബസ് സ്റ്റാൻഡിൽ നിന്നും കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്ഥലങ്ങളിലും നിർത്തിയിടുകയാണ്. തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൂശാരിക്കവല വരെ എത്തുന്നതിന് കാൽ മണിക്കൂറോളം സമയം എടുക്കുന്നു.
പിന്നിൽ സർവിസ് നടത്തുന്ന ബസ് കണ്ടതിനുശേഷമാണ് വേഗത കൂട്ടുന്നത്. പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗതയിലാണ്. ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. ഈ റൂട്ടിൽ മിക്ക ബസുകളും അഞ്ചും, പത്തും മിനിറ്റ് വ്യത്യാസത്തിലാണ് സർവിസ് നടത്തുന്നത്.
സമയകൃത്യത പാലിക്കാതെയുള്ള മത്സരയോട്ടം കാരണം ജീവൻ പണയം വെച്ചാണ് തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വാഹനപരിശോധന കർശനമാക്കിയെങ്കിലും തിരുവല്ല - മല്ലപ്പള്ളി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ മാത്രം നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.