അപകട ഭീഷണി ഉയർത്തി ചുങ്കപ്പാറ ഹൈസ്കൂൾ പടി
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ പടിയിൽ സുരക്ഷ സംവിധാനമില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. നൂറുകണക്കിന് വിദ്യാർഥികൾ വാഹനങ്ങളിലും കാൽനടയായും എത്തുന്ന ഇവിടെ ഒരു സുരക്ഷയുമില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും മരണപ്പാച്ചിലാണ്. സ്കൂളുകളുടെ സമീപത്തെ പ്രധാന സ്റ്റോപ്പുകളായതിനാൽ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ ഇറങ്ങുന്നത് ഇവിടെയാണ്. റോഡ് മുറിച്ചുകടക്കുന്നത് ഭീതിയോടെയാണ്.
വീതിക്കുറവും വശങ്ങളിലെ അനധികൃത പാർക്കിങ്ങും കാരണം ഒരു വാഹനം യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയാൽ മറുവശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കിടികെട്ടിപ്പാറയിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് കുത്തനെയുള്ള ഇറക്കവും വളവുമായതിനാൽ പ്രധാന റോഡിൽക്കൂടി വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല.
ഈ സമയത്ത് സ്കൂൾ വിടുന്ന സമയവുമാണെങ്കിൽ വിദ്യാർഥികൾ കടന്നുപോകേണ്ടത് ഇതിനിടയിലൂടെയാണ്. ഹൈസ്കൂൾ പടിക്കു സമീപം സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.