വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറിയിൽ വീർപ്പുമുട്ടി കുരുന്നുകൾ
text_fieldsമല്ലപ്പള്ളി: പണം അനുവദിച്ച് ഒരുവർഷം കഴിഞ്ഞിട്ടും അംഗൻവാടിയുടെ പുനർനിർമാണം വൈകുന്നു. 12 കുരുന്നുകൾ വാടകക്കെട്ടിടത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടുന്നു. കൊറ്റനാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ ചുട്ടുമൺ 104-ാം നമ്പർ അംഗൻവാടിക്കാണ് ഈ ദുർഗതി. നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെത്തുടർന്ന് പുനർനിർമിക്കാൻ 12 ലക്ഷം രുപ വിവിധ പദ്ധതികളിലൂടെയാണ് ലഭ്യമാക്കിയത്. എൻ.ആർ.ഇ.ജി.എസ് ഏഴുലക്ഷം, ഐ.സി.ഡി.എസ് രണ്ടുലക്ഷം, ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതികണക്കുകൾ. രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതാണ് നിർമാണം വൈകുന്നതിന് കാരണം.
എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലൂടെ നിർമാണ പ്രവൃത്തികൾ നടത്തേണ്ടതിനാൽ തൊഴിലുറപ്പ് അംഗങ്ങളെയും ഉൾപ്പെടുത്തിവേണം നിർമാണം നടത്തുവാൻ എന്നതും ഉൽപന്നങ്ങൾ മാത്രം എത്തിച്ചു നൽകുന്നതിലൂടെ കരാറുകാർക്ക് അടങ്കൽ തുകയിൽ കൂടുതൽ ചെലവാകും എന്നതുമാണ് പ്രവൃത്തികൾ ഏറ്റെടുക്കാൻ ആരും തയാറാകാത്തതെന്നാണ് അറിയുന്നത്. എന്നാൽ മൂന്ന് മുറികളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരുന്ന അംഗൻവാടി കെട്ടിടത്തിൽ നിന്ന് വാടകക്കെട്ടിടത്തിലേക്ക് മാറിയതോടെ കുരുന്നുകളാണിപ്പോൾ പെട്ടിരിക്കുന്നത്. കെട്ടിട പുനർനിർമാണം ത്വരിതപ്പെടുത്താനുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.