കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ സമരം 800 ദിവസം പിന്നിട്ടു
text_fieldsമല്ലപ്പള്ളി: കേരളമാകെ ആഞ്ഞടിച്ച കെ റെയിൽ -സിൽവർ ലൈൻ വിരുദ്ധ സമരം 800 ദിവസം പിന്നിട്ടു. ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒരു തുണ്ടു ഭൂമി പോലും വിട്ടുനൽകാൻ കഴിയില്ലെന്ന് ദക്ഷിണ റെയിൽവേ ആവർത്തിച്ച് വ്യക്തമാക്കിയ പദ്ധതി വീണ്ടും പൊടിതട്ടി എടുക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇതിനെതിരെ വീണ്ടും പ്രക്ഷോഭം കനക്കുന്നു.
ചാപിള്ളയായ ഈ പദ്ധതിക്കു അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമരരംഗത്തുള്ള കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. നിർദിഷ്ട പദ്ധതിയുടെ 532 കിലോമീറ്റർ ദൂരത്തിൽ 199 കിലോമീറ്റർ റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്ന വിധമാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്.
ഭൂമി ലഭിക്കില്ലെന്ന് വന്നതോടെ പദ്ധതിയുടെ രൂപരേഖ തന്നെ അപ്രസക്തമായെന്നും എന്നിട്ടും അതിനുവേണ്ടി വാദിക്കുന്നത് എന്തെങ്കിലും ഒരു അനുമതിയുടെ പേരിൽ വിദേശ വായ്പ തരപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യം വെച്ചാണെന്നും ഈ ഭ്രാന്തൻ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പുതുശ്ശേരി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ - റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി റീത്തുപള്ളി ജങ്ഷനിൽ സ്ഥിരം സമരപ്പന്തലിൽ സമരത്തിന്റെ 800-ാംദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി ആഘാത പഠനം മുൻകൂട്ടി നടത്തുകയും ഇരകൾക്ക് നോട്ടീസ് നൽകി അവരുടെ അഭിപ്രായം ആരായുകയും ചെയ്ത ശേഷം മാത്രമേ നടപടികളാകാവൂ എന്ന് സുപ്രീംകോടതി വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ അക്കാര്യങ്ങൾ ഒന്നും ചെയ്യാത്ത ഈ പദ്ധതിയുമായി ഒരടി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമാണ്.
എന്നിട്ടും പോലീസിനെ മുന്നിൽ നിർത്തി മഞ്ഞക്കുറ്റി സ്ഥാപിച്ചു സർക്കാർ തന്നെ നടത്തിയ നിയമവിരുദ്ധ നടപടിയെ പ്രതിരോധിച്ച ഭൂഉടമകളുടെ പേരിൽ എടുത്ത കേസ് പിൻവലിക്കണമെന്നും പുതുശേരി പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.
കുഞ്ഞുകോശി പോൾ, വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടയ്ക്കൽ, ബാബു കുരീത്ര, ജസ്റ്റിൻ ബ്രൂസ്, സൈന തോമസ്, ഷിനോ ഓലിക്കര, ജിജി ഇയ്യാലിൽ, രതീഷ് രാജൻ, ജോർജുകുട്ടി കൊഴുപ്പക്കുളം, ജോയിച്ചൻ കാലായിൽ , എ.ടി.വർഗീസ്, ലാലിച്ചൻ മറ്റത്തിൽ , കെ.എസ്. ശശികല എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.