ഇല്ലാതാക്കാൻ ശ്രമിച്ച മരമുത്തശ്ശിക്ക് ചികിത്സനൽകി വൃക്ഷ വൈദ്യന്മാർ
text_fieldsമല്ലപ്പള്ളി: സാമൂഹികവിരുദ്ധർ വിഷംകുത്തിവെച്ച് ഇല്ലാതാക്കാൻ ശ്രമിച്ച മരമുത്തശ്ശിക്ക് പുതുജീവൻ നൽകാൻ ആയുർവേദ ചികിത്സനൽകി വൃക്ഷവൈദ്യന്മാർ. 110 വർഷം പഴക്കമുള്ള പാലക്കൽതകിടി ജങ്ഷനിലെ മഴമരത്തെ (കരിംതകര) മെർക്കുറി ഒഴിച്ച് ഉണക്കാൻ രണ്ടാഴ്ച മുമ്പ് സാമൂഹിക വിരുദ്ധർ ശ്രമിച്ചിരുന്നു. മരത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാക്കി മെർക്കുറി ഒഴിച്ച് സമീപവാസി നശിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. ജനകീയ കൂട്ടായ്മ രൂപവത്കരിച്ചാണ് ചികിത്സക്ക് നാട്ടുകാർ മുൻകൈയെടുത്തത്.
കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ 126 മരങ്ങൾക്ക് ചികിത്സനൽകി നിലനിർത്തിയ വൃക്ഷവൈദ്യന്മാരും അധ്യാപകരുമായ കെ. ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നാലുമണിക്കൂറിലധികം സമയമെടുത്താണ് പൂർത്തീകരിച്ചത്.
കണ്ടത്തിൽനിന്ന് എടുത്ത ചളിമണ്ണ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപുറ്റ്, പച്ച ചാണകം, പശുവിൻപാൽ, അരിപ്പൊടി, നെയ്യ്, എള്ള്, കദളിപ്പഴം, ചെറുതേൻ , ചെറുപയർ പൊടി,ഉഴുന്ന് , മുത്തങ്ങ ഉണക്കി പൊടിച്ചത്, ഇരട്ടിമധുരം , രാമച്ചം എന്നിവ കൃത്യമായ അളവിൽ ചേർത്തത് മരത്തിൽ തേച്ചുപിടിപ്പിച്ചു. ആദ്യമായി അരിപ്പൊടി ചാലിച്ചത് മരത്തിൽ തേച്ച് ജില്ല ആസൂത്രണ സമിതിയംഗവും ജനകീയ സമിതി കോഓഡിനേറ്ററുമായ എസ്.വി. സുബിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രദേശത്ത് കൂടിയവരെല്ലാം ചേർന്ന് ഓരോ മരുന്നുകളും മരത്തിൽ തേച്ചുപിടിപ്പിച്ചു. ആറുമാസത്തോളം നീളുന്ന ചികിത്സ വിധിയിൽ മരുന്നും തുണിയും ഉറപ്പിച്ചുനിർത്താൻ ഒരുകിലോ ചണനൂൽ ഉപയോഗിച്ച് മരത്തിൽ കെട്ടിനിർത്തി. പി.ടി. സുഭാഷ്, രാജി സനുകുമാർ, കെ.ജെ. ജ്യോതി, പി.വി. സലി, ബാലു പാലക്കൽത്തകിടി, രഞ്ജിനി അജിത്, രജനി ഷിബുരാജ്, സോജു ചിറ്റേടത്ത്, വി. ജ്യോതിഷ് ബാബു, സുബിൻകുമാർ, ധനേഷ് കുമാർ, അനന്തു വള്ളിക്കാട്, പൊന്നപ്പൻ ആലുംമൂട്ടിൽ, രാജപ്പൻ ആലുംമൂട്ടിൽ, ജയൻ അമ്മൂസ്, സനുകുമാർ, സനീഷ്, അമ്പിളി എന്നിവർ നേതൃത്വംനൽകി. ചികിത്സ വിധികൾ കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.