പ്രതിരോധ കുത്തിവെപ്പിന്റെ കണക്കില്ല;പേവിഷബാധ ഭീതിയിൽ കോട്ടാങ്ങൽ
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങലിൽ പേവിഷ ബാധയിൽ കുറുനരിക്കു പിന്നാലെ തെരുവ്നായും. പഞ്ചായത്തിൽ കുറുനരി ആക്രമണത്തിന് പിന്നാലെ മനുഷ്യരെയും മൃഗങ്ങളെയും തെരുവ് നായ്കളും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ കുളത്തൂർ ചരളേൽ ശ്രീധരനെ (76) വീട്ടിൽ കയറി തെരുവ് നായ് കടിച്ചു. വഴിയിലൂടെ അലഞ്ഞ് തിരിഞ്ഞ് എത്തിയ നായ് ആണെന്ന് വീട്ടുകാർ പറയുന്നു. ഇദ്ദേഹത്തിനു വാക്സിനേഷൻ നൽകി. പരിചരിച്ചവർ അടക്കം നിരീക്ഷണത്തിലാണ്. അടുത്തുള്ള മൈലേട്ട് വീട്ടിലെ പശുവിനെയും നായ ആക്രമിച്ചിരുന്നു. ഇതിന്റെ മുഖത്ത് മാന്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് 19ന് കുറുനരിയുടെ ആക്രമണത്തിൽ പഞ്ചായത്തിൽ എട്ടു പേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു. ഇവരെ പരിചരിച്ച ഏഴ് പേരടക്കം 15 പേർ വാക്സിൻ എടുക്കേണ്ടിവന്നു. വഴിയിൽ കണ്ടവരെയും വളർത്തുമൃഗങ്ങളെയും കടിച്ച കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മേയ് 23ന് പുലർച്ചെ അഞ്ചരയോടെ കോട്ടാങ്ങൽ കവലയിൽ വീണ്ടും കുറുനരിയെ ചത്തു കിടന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതിനും പേവിഷബാധ ഉണ്ടായിരുന്നു. നിരവധി തെരുവ് നായ്ക്കളെ ഇത് ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായകൾ ഭീതി പരത്തിയിരുന്നു. തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. 30 മുതൽ ജൂൺ ഒന്ന് വരെ ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പൂര്, പാടിമൺ എന്നിവിടങ്ങളിൽ പ്രത്യേക സംഘം നാട്ടിലിറങ്ങി വാക്സിനേഷൻ നടത്തിയിരുന്നു. വലയിട്ട് നായ്ക്കളെപ്പിടിച്ച് കുത്തിവച്ചശേഷം തിരിച്ചറിയാൻ പുറത്ത് നിറം അടിച്ച് വിട്ടയക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണ വകുപ്പിനാണ് ഇതിന്റെ മേൽനോട്ടം. ഒന്നിന് 500 രൂപയാണ് പ്രതിഫലം. എന്നാൽ, മൂന്ന് ദിവസം കൊണ്ട് എത്രയെണ്ണത്തിനെ കുത്തിവച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് കോട്ടാങ്ങൽ വെറ്ററിനറി സർജനും പഞ്ചായത്ത് സെക്രട്ടറിയും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.