കോവിഡ് കാലത്തും മുടങ്ങാതെ ആചാരം: ഓണവിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലെത്തി
text_fieldsപത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള ഓണവിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണനാള്‍ പുലര്‍ച്ച ആറന്മുള ക്ഷേത്രക്കടവിലെത്തി. ഉത്രാടംനാള്‍ സന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്നിന്നാണ് ഭട്ടതിരി എം.ആര്. രവീന്ദ്രബാബു കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങള്‍ ഒരുക്കിയ അരിയും മറ്റ് ഭക്ഷണവിഭവങ്ങളും പാര്‍ഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് തെളിക്കാനുള്ള ദീപവുമായി തോണിയിലേറിയത്. പരമ്പരാഗതമായ ആചാരമാണ് വിഘ്നം വരാതെ മങ്ങാട്ട് ഭട്ടതിരി പൂര്‍ത്തീകരിച്ചത്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യക്കുള്ള വിഭവങ്ങള്‍ കാലങ്ങളായി കാട്ടൂരിലെ മങ്ങാട്ട് ഇല്ലത്തുനിന്നുള്ള ഭട്ടതിരിയാണ് ആറന്മുളയിലെത്തിക്കുന്നത്. ഭട്ടതിരിയുടെ യാത്രക്കായി ഗരുഡാകൃതിയില്‍ തയാറാക്കിയ പ്രത്യേകം തോണിയുമുണ്ട്. ആറന്മുള പള്ളിയോടങ്ങള്‍ തിരുവോണത്തോണിക്ക് അകമ്പടിയേകും. ഇത്തവണ കോഴഞ്ചേരി, മാരാമണ്‍, കീഴ്വന്മഴി പള്ളിയോടങ്ങളാണ് തോണിക്ക് അകമ്പടിയേകിയത്. തോണിയെ വരവേല്‍ക്കാന്‍ തിരുവോണനാള്‍ പുലര്‍ച്ച ക്ഷേത്രക്കടവില്‍ ഒട്ടേറെപ്പേര്‍ കാത്തുനിന്നിരുന്നു.
പമ്പയുടെ കരകളിലെ കരനാഥന്മാര് വെടിമുഴക്കിയും മണ്‍ചിരാത് ഒഴുക്കിയും തോണിയെ സ്വീകരിച്ചു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ തോണിയെ ദേവസ്വം അധികൃതരും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേര്‍ന്ന് വായ്ക്കുരവയുടെ അകമ്പടിയോടെ വെറ്റില പുകയില നല്കി വഞ്ചിപ്പാട്ട് പാടി ക്ഷേത്ര മതിലകത്തേക്ക് സ്വീകരിച്ചു. ക്ഷേത്രത്തിന് വലംെവച്ച ഭട്ടതരി ബലിക്കല്‍ പുരയില്‍ പ്രവേശിച്ച് കെടാവിളാക്കിലേക്കുള്ള ദീപം ആറന്മുള ക്ഷേത്ര മേല്‍ശാന്തിക്ക് കൈമാറി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് എ. പത്മകുമാര്‍, മാലേത്ത് സരളാദേവി, ആര്. അജയകുമാര്‍, എസ്. അജിത്കുമാര്‍, പത്തനംതിട്ട ഡപ്യൂട്ടി കമീഷണര്‍ ജി. ബൈജു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ജി. ബിനു, ജി. അരുണ്‍കുമാര്‍, കെ.എസ്. രാജന്, പാര്‍ഥസാരഥി വി.പിള്ള തുടങ്ങിവര്‍ ചേര്‍ന്ന് ഭട്ടതിരിയെ സ്വീകരിച്ചു.
ഓണസദ്യയില്‍ പങ്കെടുത്ത് കിഴിയും സമര്‍പ്പിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ഭട്ടതിരി കുമാരനെല്ലൂരിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.